നരിക്കുനിയിലെ ഭക്ഷ്യവിഷബാധ; നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

By News Bureau, Malabar News
Kozhikode 6 establishments closed
Representational Image
Ajwa Travels

കോഴിക്കോട്: നരിക്കുനിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധ ഉണ്ടായി കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിവാഹ സൽക്കാരത്തിലും വിരുന്നിലും ഭക്ഷണം വിതരണം ചെയ്‌ത സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിച്ചു.

വധൂഗൃഹത്തിലും വരന്റെ ഗൃഹത്തിലും വെവ്വേറെ വിരുന്നുകളാണ് നടന്നത്. വരന്റെ ഗൃഹത്തിൽ രാത്രി ഏഴ് മണിയോടെ നടന്ന വിരുന്നിൽ മന്തി, മയോണിസ്, ചിക്കൻ എന്നിവ വിതരണം ചെയ്‌ത ഫാസ്‌റ്റ് ബർഗർ എന്ന കാറ്ററിങ് യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്‌തു. ഇവിടെ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്‌ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തി.

വരന്റെ ഗൃഹത്തിൽ നിന്നും കാറ്ററിങ് യൂണിറ്റിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു.

അതേസമയം വധൂഗൃഹത്തിൽ പാചകക്കാരൻ മുഖാന്തരം വീട്ടിൽ തന്നെ തയ്യാറാക്കിയ മന്തി കഴിച്ച് ആർക്കും തന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. ലൈംജ്യൂസ് തയ്യാറാക്കി നൽകിയിരുന്ന വെള്ളത്തിന്റെ സാമ്പിൾ റീജണൽ അനലറ്റിക്കൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

ഉച്ചയ്‌ക്ക് വിരുന്നിൽ പങ്കെടുത്ത വനിതകൾക്കായി നൽകിയ ഫുഡ് പേക്കറ്റിനകത്ത് ചിക്കൻ റോൾ, കേക്ക്, മധുരം എന്നിവ വിതരണം ചെയ്‌തിരുന്നു. ഇത് കഴിച്ച പലരും ഭക്ഷ്യവിഷബാധ നേരിട്ടതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ കേക്ക് തയ്യാറാക്കിയ നവീൻ ബേക്കറി എന്ന സ്‌ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.

എന്നാൽ ചിക്കൻ റോൾ തയ്യാറാക്കിയ സ്‌ഥാപനത്തിൽ പോരായ്‌മകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളുകൾ ഒന്നുംതന്നെ പരിശോധനക്കായി ലഭ്യമായിട്ടില്ല.

Related News: ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്‌ക്ക് വിധേയമാക്കി 

ഭക്ഷ്യവിഷബാധയേറ്റ പലരും കുഞ്ഞുങ്ങൾ ആയതിനാൽ ഇവരുടെ മൊഴികളിലും വൈരുധ്യമുള്ളതായി അന്വേഷണ സംഘം പറയുന്നു. ഏഴു വയസിനു മുകളിലുള്ള കുട്ടികളുടെ മൊഴികൾ മാത്രമാണ് കൃത്യമായിട്ടുള്ളത്. എല്ലാ ഭക്ഷണവും കഴിച്ചിട്ടും യാതൊരു കുഴപ്പമില്ലാത്ത കുട്ടികളും മന്തിയും പേക്കറ്റ് ഭക്ഷണവും കഴിച്ച് രോഗാവസ്‌ഥയിൽ എത്തിയവരും ഉണ്ട്.

ഡോക്‌ടറുടെ മൊഴി പ്രകാരം വയറു വേദന, വയറിളക്കം, പനി എന്നിവ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. സാമ്പിളുകൾ തുടർ പരിശോധനക്കായി വൈറോളജി ലാബിലേക്ക് അയച്ചു.

അതേസമയം ആവർത്തിച്ചു വരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ജില്ലയിൽ കാറ്ററിംഗ് യൂണിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്‌തുവിന്റെ സാമ്പിളുകൾ സീൽ ചെയ്‌ത പാക്കറ്റിൽ ഫ്രീസറിൽ രണ്ട് ദിവസങ്ങൾ എങ്കിലും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ പരിശോധനക്കായി ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണർ എംടി ബേബിച്ചൻ അറിയിച്ചു. ജില്ലയിലെ എല്ലാ കാറ്ററിംഗ് യുണിറ്റകളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നരിക്കുനിയിലെ വിവാഹ വീട്ടിൽ നിന്നും എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരനായ മുഹമ്മദ് യാമിൻ മരിച്ചത്. നിലവിൽ കുട്ടിയുടെ അമ്മ സനയും ചികിൽസയിലാണ്. വയറുവേദനയെ തുടർന്നാണ് സനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Malabar News: ചെറുവാഞ്ചേരി സ്‌റ്റേഡിയം; ഉന്നതസംഘം സ്‌ഥലം പരിശോധിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE