10 കോടിയിൽ ഒന്ന്; അത്യപൂർവ ചെമ്മീൻ ‘വലയിൽ’

By Desk Reporter, Malabar News

പ്രകൃതിയുടെ സൃഷ്‌ടികൾ ഓരോന്നും അത്യധികം അൽഭുതകരവും വ്യത്യസ്‌തവുമാണെന്ന് തെളിയിക്കുന്ന നിരവധി കാഴ്‌ചകൾ നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. ഇത്രയേറെ അൽഭുതങ്ങളുടെ കലവറയാണോ നമ്മുടെയീ ഭൂമി എന്നോർത്ത് പലപ്പോഴും നമ്മൾ അൽഭുതപ്പെടാറുമുണ്ട്. അത്തരത്തിൽ ഒരു അൽഭുതമാണ് ഇപ്പോൾ ‘വലയിൽ’ ആയിരിക്കുന്നത്.

അപൂർവങ്ങളിൽ അപൂർവമായ ഒരു ചെമ്മീനാണ് വലയിൽ ആയിരിക്കുന്ന ഈ അൽഭുതം. 10 കോടി ചെമ്മീനുകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന വളരെ വിരളമായി കാണപ്പെടുന്ന കോട്ടൺ കാൻഡി ലോബ്സ്‌റ്റർ ആണിത്. അമേരിക്കയിലെ മെയിനില്‍ നിന്നാണ് ഈ ലോബ്സ്‌റ്റർ വലയിലായിരിക്കുന്നത്.

കാസ്‌കോ മേഖലയിൽ ചെമ്മീനുകളെ വലവീശാൻ കരാറെടുത്തിട്ടുള്ള ഗെറ്റ് മെയിന്‍ ലോബ്സ്‌റ്റർ എന്ന കമ്പനിയിലെ ബിൽ കോപ്പർസ്‌മിത്ത് എന്ന തൊഴിലാളിക്കാണ് ഈ ലോബ്സ്‌റ്ററിനെ കിട്ടിയത്. തന്റെ സംഘത്തോടൊപ്പം മൽസ്യബന്ധനം നടത്തുമ്പോഴാണ് അദ്ദേഹത്തിന് തിളങ്ങുന്ന നീല നിറത്തിലുള്ള അത്യപൂർവമായ വലിയ ചെമ്മീൻ ലഭിച്ചത്.

ഇതിനെ കിട്ടിയപ്പോൾ തന്നെ എന്തോ പ്രത്യേകതയുള്ള ചെമ്മീനാണിതെന്ന് ബില്ലിന് തോന്നിയിരുന്നു. ഒറ്റ നോക്കിൽ തന്നെ ഏറെ വ്യത്യസ്‌തമായിരുന്നു അതിന്റെ രൂപഭംഗി. നീല നിറത്തിലുള്ള ഈ ചെമ്മീനിന് മുൻവശത്തായി ഞണ്ടുകൾക്ക് ഉണ്ടാകുന്നതുപോലെ രണ്ട് കാലുകളുണ്ട്. മാംസ ഭാഗം സാധാരണ ചെമ്മീൻ പോലെ തന്നെയാണ്.കാഴ്‌ചയിൽ വ്യത്യസ്‌തത തോന്നിയെങ്കിലും 10 കോടിയിൽ ഒന്നായ അത്യപൂർവ ചെമ്മീനാണിതെന്നും ഇത്ര വാർത്താ പ്രാധാന്യം നേടുമെന്നും ബിൽ കരുതിയില്ല. അപൂർവമായ ചെമ്മീനാണിതെന്ന് മനസിലാക്കിയ കമ്പനി അധികൃതർ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

തുടർന്ന് വിവിധ ശാസ്‌ത്ര ഗവേഷണ കേന്ദ്രങ്ങളെയും വിവരം അറിയിച്ചു. നീല മാത്രമല്ല ഓറഞ്ച്, പിങ്ക് നിറത്തിലെല്ലാം ലോബ്സ്‌റ്റർ കാണപ്പെടാറുണ്ട്. പക്ഷെ ഇതാദ്യമായാണ് നീല നിറത്തിലുള്ള ലോബ്സ്‌റ്റർ വലയിലാകുന്നത് എന്ന് കമ്പനി അധികൃതർ പറയുന്നു. ഇവയുടെ തൊലിപ്പുറത്തിന് സ്വാഭാവിക നിറം നൽകുന്ന അസ്‌റ്റാക്‌സാന്തിൻ എന്ന ഘടകത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ നിറ വ്യത്യാസത്തിന് കാരണം.ലോബ്സ്‌റ്ററിനെ സുരക്ഷിതമായി സീ കോസ്‌റ്റ് സയന്‍സ് എന്ന ഗവേഷണ സ്‌ഥാപനത്തിന് കൈമാറാനാണ് തീരുമാനം. കടലിലേക്ക് തിരികെ വിട്ടാൽ വേട്ടക്കാരായ ജീവികളുടെ പിടിയിൽ പെട്ട് അപകടത്തിൽ പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.

ചെമ്മീനും ഞണ്ടും ഉൾപ്പെടുന്ന ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ്‌ ലോബ്സ്‌റ്റർ. വളരെയധികം വാണിജ്യ പ്രാധാന്യമുള്ള ഈ കടൽ ജീവി അമേരിക്കയിലെയും യൂറോപ്പിലെയും പഞ്ചനക്ഷത്ര റെസ്‌റ്റോറന്റുകളിൽ ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ്. വളരെയധികം വാണിജ്യ പ്രാധാന്യമുള്ള ലോബ്സ്‌റ്റർ ആഗോളതലത്തിൽ 1.8 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരം നടക്കുന്ന ഒരു പ്രധാന സമുദ്ര വിഭവമാണ്‌.

Most Read:  25 വർഷത്തെ വിശ്വാസത്തിന്റെ സമ്മാനം ഒരു കോടിയുടെ സ്വത്തുക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE