കാസർഗോഡ്: മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നര കോടി രൂപ കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കാസർഗോഡ് കുമ്പള സ്വദേശി സഹീർ, കണ്ണൂർ പുതിയതെരു സ്വദേശി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ഹവാല പണം തട്ടുന്ന വൻ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ പുതിയൊരു കവർച്ചാ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 22ന് ആണ് മൊഗ്രാൽപുത്തൂർ പാലത്തിന് സമീപത്ത് നിന്ന് കാറിൽ കൊണ്ടുപോവുകയായിരുന്ന മഹാരാഷ്‌ട്ര സ്വദേശിയായ സ്വർണ വ്യാപാരി കൈലാസിനെ തട്ടിക്കൊണ്ടുപോവുകയും ഒരുകോടി 65 ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്‌തത്. ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കേസിൽ ഇതുവരെ അഞ്ചുപേർ അറസ്‌റ്റിലായി.
മുഖ്യപ്രതി കണ്ണൂർ മാലൂർ സ്വദേശി സിനിലിനായി പോലീസ് ലോക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസിലെ പ്രതിയാണ് ഇയാൾ. കാസർഗോഡ്, മംഗളൂരു ഭാഗങ്ങളിലായി വീടുകൾ കയറി വൻ മോഷണത്തിന് സംഘം പദ്ധതി ഇട്ടിരുന്നു. അറസ്‌റ്റിലായ മുബാറക്ക് വിവിധ ഇടങ്ങളിൽ നിന്ന് കോടികൾ കവർന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഒല്ലൂരിൽ നിന്ന് 95 ലക്ഷം, കതിരൂരിൽ നിന്ന് 50 ലക്ഷം, നിലമ്പൂരിൽ നിന്ന് 85 ലക്ഷം തുടങ്ങിയ കവർച്ചാ കേസുകളിലെ പ്രതി കൂടിയാണ് ഇയാൾ. സഹീർ കുമ്പളയിലെ കൊലപാതക കേസിൽ പ്രതിയാണ്. കുമ്പള സ്‌റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് കേസുകൾ ഉണ്ട്. കാസർഗോഡ് ഡിവൈഎസ്‌പി ബാലകൃഷ്‌ണൻ, ഇൻസ്‌പെക്‌ടർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്‌റ്റഡിയിൽ