മലപ്പുറം: എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്‌ധനും സാംസ്‌കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന് പിറന്നാൾ വിരുന്നൊരുക്കി മാനവം സാംസ്‌കാരിക വേദി. ഒരു നൂറ്റാണ്ടും രണ്ടുവർഷവും പിന്നിട്ട കേരളത്തിന്റെ മഹാ ഗുരുവിന് ജൻമനാടായ ചങ്ങരംകുളത്തിന് സമീപമുള്ള മൂക്കുതലയിലാണ് ‘മാനവം‘ വിരുന്നൊരുക്കിയത്.
നിയമസഭാ സ്‌പീക്കർ എംബി രാജേഷ് എംഎൽഎ ഉൽഘാടനം ചെയ്‌ത ചടങ്ങിൽ, ആലങ്കോട് ലീലാകൃഷ്‌ണൻ, പൊന്നാനി എംഎൽഎ പി നന്ദകുമാർ, പിപി രാമചന്ദ്രൻ, പ്രൊഫസർ എംഎം നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഇവർക്കൊപ്പം സ്‌ഫുടമായി പ്രസംഗിക്കാനും ഓർമകൾ പങ്കുവെക്കാനും ഊർജസ്വലതയോടെ ചിത്രൻ നമ്പൂതിരിപ്പാടും വേദിയിൽ ഉണ്ടായിരുന്നു.
കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്‌കൂളിൽനിന്ന് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായിരുന്ന പിണറായി വിജയനെ പ്രധാനാധ്യാപിക പുറത്താക്കിയതും അന്ന് കണ്ണൂർ ഡിഇഒ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഇടപ്പെട്ട്, പിണറായിക്ക് വീണ്ടും സ്‌കൂളിൽ പഠനം തുടരാൻ അനുവദിച്ചതും സ്‌പീക്കർ എംബി രാജേഷ് തന്റെ പ്രസംഗത്തിൽ ഓർത്തു.
‘സവർണർക്ക് മാത്രം വിദ്യാഭ്യസം എന്ന നിയമം ഉണ്ടായിരുന്ന കാലത്ത്, സവർണ യഥാസ്‌ഥിതിക പക്ഷത്തെ തിരുത്തികൊണ്ട് എല്ലാവർക്കും അറിവ് എന്ന വലിയ വിപ്ളവത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയാണ് ചിത്രൻ നമ്പൂതിരിപ്പാട്. ഈ വിപ്ളവത്തിന് വേണ്ടി ഇദ്ദേഹം പലതും ത്യജിച്ചിട്ടുണ്ട്‘ –വേദിയിൽ സംസാരിച്ച കവിയും എഴുത്തുകാരനും യുവകലാസാഹിതി സംസ്‌ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു.
മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രൻ നമ്പൂതിരിപ്പാട്, തന്റെ 99ആം വയസിലും ഹിമാലയൻ യാത്ര നടത്തിയ വ്യക്‌തിയാണ്. ജൻമ ദേശമായ മൂക്കുതലയിലെ പകരാവൂർ മനക്കൽ ജയന്റെ വീട്ടുമുറ്റത്താണ് പിറന്നാളോഘോഷം സംഘടിപ്പിച്ചത്. പൊന്നാനി എംഎൽഎ പി നന്ദകുമാറാണ് ചടങ്ങിൽ അധ്യക്ഷത നിർവഹിച്ചത്.
സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്‌ടറായിരുന്നു പി ചിത്രൻ നമ്പൂതിരിപ്പാട്. ജൻമദേശമായ പൊന്നാനി മുക്കുതലയിൽ സ്വന്തമായി നടത്തിയിരുന്ന വിദ്യാലയം സർക്കാരിന് നൽകി വിദ്യഭ്യാസം ജനകീയവൽകരിക്കാൻ മുന്നിൽനടന്ന വ്യക്‌തി, ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ ഇന്നത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ ശിൽപി, പ്രായത്തോട് പൊരുതി 30 തവണ ഹിമാലയത്തിൽ എത്തിയ അപൂർവം വ്യക്‌തിത്വത്തിന് ഉടമ എന്നിങ്ങനെ നീളുന്ന വിശേഷണങ്ങൾ ഏറെയാണ് പി ചിത്രൻ നമ്പൂതിരിപ്പാടിനുള്ളത്.
ജൻമദിന വിരുന്നിൽ പി ചിത്രൻ നമ്പൂതിരിപ്പാട് സംസാരിക്കുന്നത് കേൾക്കാം:
‘പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ‘ എൻഎസ്‌എസ് വിദ്യാർഥികൾ ചടങ്ങിൽ തങ്ങളുടെ മഹാഗുരുവിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി. മാനവം ഗായക സംഘത്തിന്റെ ‘ബിച്ചുതിരുമല അനുസ്‍മരണ സംഗീത സദസ്‘ ചടങ്ങിൽ നടന്നു. ടി സത്യൻ സ്വാഗതവും മാനവം സാംസ്‌കാരിക കൂട്ടായ്‌മയുടെ കൺവീനർ, ജനു മൂക്കുതല നന്ദിയും പറഞ്ഞു.
Must Read: ഇന്ത്യയിൽ മതസ്‌പർധ ഉണ്ടാകാൻ പ്രധാന കാരണം സോഷ്യൽ മീഡിയയെന്ന് റിപ്പോർട്