ഇന്ത്യയിൽ മതസ്‌പർധ ഉണ്ടാകാൻ പ്രധാന കാരണം സോഷ്യൽ മീഡിയയെന്ന് റിപ്പോർട്

By News Desk, Malabar News
social media-india
Representational Image
Ajwa Travels

ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്‌ത ജനവിഭാഗങ്ങൾക്കിടയിൽ സ്‌പർധയും കലാപങ്ങളും ഉണ്ടാകുന്നതിൽ സമൂഹ മാദ്ധ്യമങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്. വാർത്താ ഏജൻസിയായ ഐഎൻഎസ്‌ നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. നേരത്തെ വിസിൽ ബ്‌ളോവർ ഫ്രാൻസിസ് ഹോഗനും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഹോഗന്റെ പ്രസ്‌താവന ഉറപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർവേ റിപ്പോർട്.

ഇന്ത്യയിൽ ഹിന്ദു- മുസ്‌ലിം വൈരം വർധിക്കുന്നതിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 1942 പേർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 48.2 ശതമാനം പേരും മതവിഭാഗങ്ങൾ തമ്മിലുള്ള അകലം വർധിക്കുന്നതിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, മതവിഭാഗങ്ങൾ തമ്മിലുള്ള അകലമുണ്ടാക്കുന്നതിൽ സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരു പരിധി വരെ മാത്രമേ പങ്കുള്ളൂ എന്നായിരുന്നു 23 ശതമാനം പേരുടെ അഭിപ്രായം.

ഇരുമതവിഭാഗങ്ങളും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ സോഷ്യൽ മീഡിയ ഉത്തരവാദിയാണെന്ന് 71 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇതിന് വിപരീതമായി 28.6 ശതമാനം പേർ പറഞ്ഞത് ഈ പ്രശ്‌നങ്ങളിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്‌താക്കളുള്ള സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോമാണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ആർഎസ്‌എസ്‌ അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്‌ലിം വിരുദ്ധവുമായ പോസ്‌റ്റുകൾ ഫേസ്‌ബുക്കിൽ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധമുണ്ടായിട്ടും ഇന്ത്യയിൽ ഫേസ്‌ബുക്കിനെതിരെ നടപടികളൊന്നും സ്വീകരിക്കാൻ സാധിച്ചില്ലെന്നായിരുന്നു മുൻ ജീവനക്കാരി ഫ്രാൻസിസ് ഹോഗൻ വെളിപ്പെടുത്തിയിരുന്നത്.

ഇസ്‌ലാം, ക്രിസ്‌ത്യൻ യാഥസ്‌ഥിതിക വാദികളും ജാതി വിഭാഗങ്ങളുമെല്ലാം പരസ്‌പരം സ്‌പർധ വളർത്തും വിധത്തിലുള്ള ഇടപെടൽ സാമൂഹിക മാദ്ധ്യമങ്ങളിൽ നടത്തുന്നുണ്ട്. വർഗീയ പോസ്‌റ്റുകളും കമന്റുകളും യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും ഫേസ്‌ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്. ഏറെ നാൾ മുൻപത്തെ സാഹചര്യമാണ് ഹോഗൻ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇന്ത്യയിലെ വ്യത്യസ്‌തങ്ങളായ ഭാഷാ വൈവിധ്യങ്ങൾക്കിടയിൽ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സാങ്കേതിക കഴിവ് ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളൊന്നും ഇനിയും കൈവരിച്ചിട്ടില്ല.

വ്യാജവാർത്ത, വിദ്വേഷ പ്രചാരണം, തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങൾ എന്നിവയുടെ പേരിൽ ഇന്റർനെറ്റ് സേവനങ്ങളെല്ലാം തന്നെ ആഗോള തലത്തിൽ വിചാരണ നേരിടുകയാണ്. ഇക്കാരണം കൊണ്ടുതന്നെ പ്രാദേശിക സംഘര്ഷങ്ങള് നിലനിൽക്കുന്ന ഇടങ്ങളിൽ അധികാരികൾ സ്വീകരിക്കുന്ന ആദ്യ മുൻകരുതൽ നടപടി സാമൂഹിക മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതാണ്.

സാമൂഹിക മാദ്ധ്യമങ്ങളെ പ്രസാധകർ എന്ന നിലയിൽ പരിഗണിക്കണമെന്നും ഇവരെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ പോലെയുള്ള ഒരു റെഗുലേറ്ററി സംവിധാനം വേണമെന്നുമാണ് അടുത്തിടെ ഒരു പാർലമെന്ററി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഉപഭോക്‌താക്കൾ നിർമിക്കുന്ന ഉള്ളടക്കങ്ങളിൽ കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതിന് വേണ്ടിയാണിത്.

Also Read: ‘കെ- റെയിലിന് അന്തിമ അനുമതി ഉടൻ നൽകണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE