ബോട്ടുകളിൽ നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്‌ഥർ; പ്രതിഷേധക്കാരെ ഭയപ്പെടുത്താനെന്ന് ദ്വീപ് നിവാസികൾ

By Desk Reporter, Malabar News
Government officials to monitor boats; Islanders say they want to intimidate protesters
Representational Image

കവരത്തി: ലക്ഷദ്വീപിൽ നിരീക്ഷണത്തിനായി ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാൻ ദ്വീപ് ഭരണകൂടം. സുരക്ഷാ മുൻകരുതലിന്റെ പേരിലാണ് ദ്വീപിലെ പ്രാദേശിക മൽസ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിച്ച് നിരീക്ഷണം നടത്താൻ അഡ്‌മിനിസ്‌ട്രേറ്റർ ഉത്തരവിട്ടിരിക്കുന്നത്.

ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകൾ എന്നിവ നങ്കൂരമിടുന്ന സ്‌ഥലങ്ങൾ സിസിടിവി ക്യാമറ സ്‌ഥാപിച്ച് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിയമ പരിഷ്‌കാരങ്ങൾക്ക് എതിരെ ശക്‌തമായ പ്രതിഷേധം തുടരുന്ന ദ്വീപിൽ, പ്രക്ഷോഭകരെ  ഭയപ്പെടുത്താനാണ് പുതിയ ഉത്തരവെന്ന് ദ്വീപ് നിവാസികൾ പറയുന്നു.

അഡ്‌മിനിസ്‌ട്രേറ്റർ ഫ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് സുരക്ഷയെ മുൻനിർത്തിയുള്ള പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ പ്രാദേശിക മൽസ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയോഗിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കണമെന്നാണ് പ്രധാന തീരുമാനം.

മൽസ്യ തൊഴിലാളികൾ ആരൊക്കെയായി ബന്ധപ്പെടുന്നു, പുറമെ നിന്ന് ആരെങ്കിലും മൽസ്യബന്ധന ബോട്ടുകളിൽ ദ്വീപുകളിൽ എത്തുന്നുണ്ടോ എന്നതടക്കം പരിശോധിച്ച് റിപ്പോർട് നൽകണമെന്നാണ് ഉത്തരവ്. ദ്വീപിലേക്ക് ചരക്കുമായെത്തുന്ന ഉരു കർശനമായി പരിശോധിക്കണം. ഇവ നങ്കൂരമിടുന്ന സ്‌ഥലങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറ സ്‌ഥാപിച്ച് പരിശോധന വേണമെന്നും നിർദ്ദേശമുണ്ട്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഉപദേശകന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.

ബേപ്പൂർ, മംഗലാപുരം എന്നിവടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയരാക്കണം. ഇതിനായി സംവിധാനം ഒരുക്കാനും നിർദ്ദേശമുണ്ട്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ദ്വീപിൽ ഈമാസം 7ന് കുടുംബങ്ങൾ നിരാഹാരമിരിക്കുന്നുണ്ട്. ഇത്തരം സമരങ്ങൾ ശക്‌തമാകുന്നതും ആളുകൾ സംഘടിക്കുന്നതും അടക്കം നിരീക്ഷിക്കുന്നതിനാണ് പുതിയ പരിഷ്‌കാരമെന്ന് പ്രക്ഷോഭ രംഗത്തുള്ളവർ പറയുന്നു.

അതേസമയം, കൊച്ചിയിൽ നിന്ന് മംഗലാപുരം പോർട്ടിലേക്ക് ചരക്ക് നീക്കം മാറ്റുന്നതിനെ ന്യായീകരിച്ച് അഡ്‌മിനിസ്‌ട്രേഷൻ രംഗത്ത് വന്നു. ചരിത്രപരമായ തീരുമാനമാകും ഇതെന്നാണ് അഡ്‌മിനിസ്‌ട്രേഷൻ പറയുന്നത്. കിൽത്താൻ, കടമത്ത്, ബിത്ര അടക്കമുള്ള ദ്വീപുകാർക്ക് പണവും, സമയവും ലാഭിക്കാൻ ഈ നീക്കം കൊണ്ട് സാധിക്കുമെന്ന് ഭരണകൂടം വിശദീകരിക്കുന്നു.

Most Read:  സംസ്‌ഥാനത്ത് കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കും; ലക്ഷ്യം രഹസ്യാന്വേഷണം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE