ന്യൂഡെല്‍ഹി: സൂര്യാസ്‌തമനത്തിന് ശേഷം പോസ്‌റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്‌ഥനീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്‌ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനം ഇറക്കി.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോൽസാഹിപ്പിക്കുന്നതിനും ആണ് നടപടി. വിഷയത്തില്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ച പശ്‌ചാത്തലത്തിലാണ് തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്.
സംശയാസ്‌പദ സാഹചര്യത്തിലും കൊലപാതകം, ആത്‌മഹത്യ, ബലാൽസംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്‌ഥയിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്‌തമയത്തിനു ശേഷം പോസ്‌റ്റുമോര്‍ട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്‌ഥയിലുണ്ട്. ആശുപത്രിയുടെ ഫിറ്റ്‌നസും അടിസ്‌ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാള്‍ വിലയിരുത്തി തെളിവുകള്‍ നഷ്‌ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഭാവിയില്‍ സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്‌റ്റുമോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങള്‍ക്കും സംസ്‌ഥാനങ്ങള്‍ക്കും അയച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
സൂര്യാസ്‌തമയത്തിന് ശേഷം പോസ്‌റ്റുമോര്‍ട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. അതേസമയം വര്‍ഷങ്ങളായി ഡെല്‍ഹി എയിംസ് ഉള്‍പ്പടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്‌ഥാപനങ്ങളില്‍ സൂര്യാസ്‌തമയത്തിന് ശേഷവും പോസ്‌റ്റുമോര്‍ട്ടം നടത്തിയിരുന്നു.
Read Also: ഹർത്താലിനിടെ കലാപശ്രമം; ബിജെപി നേതാവ് അറസ്‌റ്റില്‍