മലപ്പുറം : ആവശ്യത്തിന് മണ്ണ് കിട്ടാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയുടെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തുന്നതിനുള്ള ഗ്രേഡിങ് ജോലികൾ നിലച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി കരിപ്പൂരിൽ ഈ ജോലി കൂടി പൂർത്തിയാക്കേണ്ടി വരും. ഇതിനായി ആവശ്യമായ മണ്ണ് ലഭിക്കുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. കൂടാതെ റവന്യു അധികൃതരിൽ നിന്നും യഥാസമയം അനുമതി ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
വിമാനത്താവളത്തിലെ ജോലികൾക്കായി മണ്ണെടുത്ത ലോറികൾ റവന്യു സംഘം മാസങ്ങൾക്ക് മുൻപ് തടഞ്ഞിരുന്നു. അതിന് ശേഷം പിന്നീട് ജോലികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ മണ്ണ് ലഭിച്ചിട്ടില്ലെന്നും കരാറുകാർ വ്യക്‌തമാക്കുന്നുണ്ട്. ഇതുമൂലം റൺവേയുടെ ഇരുവശങ്ങളും 75 മീറ്റർ വീതിയിൽ മണ്ണിട്ട് റൺവേക്ക് സമാനമായി ഉയർത്തണമെന്ന ഡിജിസിഎയുടെ നിർദേശമാണ് ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിക്കാതെ കിടക്കുന്നത്.
മണ്ണ് ലഭിക്കാത്തതിനെ തുടർന്ന് നിലച്ച ജോലികൾ ഉടൻ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീണ്ടും മണ്ണെടുക്കുന്നതിനായി കൊണ്ടോട്ടി തഹസീൽദാർക്ക് അപേക്ഷ സമർപ്പിച്ചു. ഈ അപേക്ഷയിൽ ഉടൻ തന്നെ സ്‌ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കുമെന്ന് തഹസീൽദാർ വ്യക്‌തമാക്കി. ഈ മാസം 9ആം തീയതി മന്ത്രിമാരുടെ അദാലത്ത് നടക്കുന്നതിനാൽ അതിന് ശേഷമായിരിക്കും സ്‌ഥലം സന്ദർശിക്കൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുക.
Read also : ലഹരിക്കടത്ത് പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനെന്ന് ഇഡി