ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബെംഗളൂരു ലഹരിക്കടത്ത് കേസിലെ പ്രതികളെ ബിനീഷ് സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു.
ലഹരിക്കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെ തന്നെ ഇഡി കോടതിയെ അറിയിച്ചിരുന്നു. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രൻ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്‌ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും ഇഡി കണ്ടെത്തി.
കേരള സർക്കാരിൽ ബിനീഷിന് വലിയ സ്വാധീനമുണ്ട്. അതിനാൽ തന്നെ സർക്കാരിന്റെ വിവിധ കരാറുകൾ ലഭിക്കാൻ കഴിയുമെന്ന് പലരോടും ബിനീഷ് അവകാശപ്പെടുകയും കമ്മീഷൻ പറ്റുകയും ചെയ്‌തു. 3 മുതൽ 4 ശതമാനം വരെ കമ്മീഷൻ ബിനീഷ് വാഗ്‌ദാനം ചെയ്‌തിരുന്നതായി ചിലർ മൊഴി നൽകിയതായും കുറ്റപത്രത്തിലുണ്ട്. കരാറുകൾ ലഭിക്കുന്നതിന്റെ ഭാഗമായി ബിനീഷും ലഹരിക്കടത്ത് കേസിലെ പ്രതികളും ചർച്ചകൾ നടത്തിയിരുന്നതായും ഇഡി കണ്ടെത്തി.
കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തി. ഇതിൽ 1.22 കോടി രൂപക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നും രേഖകൾ സഹിതം കുറ്റപത്രത്തിൽ വിവരിക്കുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 29നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് ബെംഗളൂരുവിൽ അറസ്‌റ്റിലായത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.
Read also: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി