തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്‌ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന ഐഎഫ്എഫ്‌കെ വേദിയിൽ സംസാരിക്കവെ പറഞ്ഞു.
”അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസരം നല്‍കിയ രഞ്‌ജിത്തിനും ബീന ചേച്ചിക്കും നന്ദി… നല്ല സിനിമകള്‍ സൃഷ്‌ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്‌ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും… നന്ദി…,”- ഭാവന പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഐഎഫ്എഫ്‌കെ ഉൽഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. ‘പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് വേദിയിലേക്ക് എത്തിയ ഭാവനയെ ആരാധകരടക്കമുള്ളവർ സ്വീകരിച്ചത്.
ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ”ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു, നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി നിശ്‌ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്‌ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തില്‍ നല്ലൊരു നിയമം സ്‌ത്രീ സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്,”- മന്ത്രി പറഞ്ഞു.
സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉപഹാരം നല്‍കി ഭാവനയെ സ്വീകരിച്ചു. പ്രിയപ്പെട്ട ഭാവനക്കൊപ്പമെന്ന് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടിയും നടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു.
അതിക്രമം നേരിട്ട് അഞ്ച് വർഷത്തിന് ശേഷമാണ് താരം ഒരു പൊതുവേദിയിൽ പങ്കെടുക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഭാവന. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും ഏറെ ആത്‌മവിശ്വാസത്തോടെ ആവർത്തിച്ച താരം നീതിക്കായുള്ള പോരാട്ടം തുടരുമെന്നും മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് വനിതാ ദിനത്തിൽ നല്‍കിയ തൽസമയ അഭിമുഖത്തിൽ വ്യക്‌തമാക്കിയിരുന്നു.
ഇപ്പോൾ പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന.
Most Read: സാമ്പത്തിക ഉണർവ് പ്രകടം; രാജ്യത്തെ നികുതി പിരിവിൽ കുതിപ്പ്