ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിലും ഞായറാഴ്‌ച ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്ക് ഇടയിലേക്ക് വീഴുകയായിരുന്നു.
ജമ്മു കശ്‌മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രണ്ടിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ പാക്ക് ഭീകരസംഘടന ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉസ്‌മാനെ അടക്കം മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
ശ്രീനഗറിലെ ഖന്യാറിൽ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തപ്പോൾ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് സിആർപിഎഫ് ജവാൻമാർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ലാർനൂ മേഖലയിലെ ഹൽകൻ ഗലിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും വധിച്ചു.
അതേസമയം, സംസ്‌ഥാനത്തെ ഭീകരാക്രമണങ്ങൾ തടയാൻ സുരക്ഷാ സേനകൾ സാധ്യമായതെല്ലാം ചെയ്യണമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുല്ല പറഞ്ഞു. നിഷ്‌കളങ്കരായ ജനങ്ങളെ ആക്രമികൾ ലക്ഷ്യമിടുന്നതിൽ ഒരു ന്യായീകരണവും ഇല്ലെന്നും സേനകൾ ഇത്തരം ആക്രമണം അവസാനിപ്പിക്കാൻ നടപടിയെടുത്താൽ മാത്രമേ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയൂ എന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!