ചരിത്രമുറങ്ങുന്ന പൊന്നാനി നഗരസഭയിലെ മുൻ കൗൺസിലർ ഹഫ്‌സത്ത് തന്റെ രാഷ്‌ട്രീയം സംസാരിക്കുന്നു

By Desk Reporter, Malabar News
COUNCILLOR HAFSATH K V
കൗൺസിലർ കെവി ഹഫ്‌സത്ത് തന്റെ ഗ്രാമത്തിലെ സഹപ്രവർത്തകർക്ക് ഒപ്പം
Ajwa Travels

മലപ്പുറം: രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ പ്രത്യേകതകളുള്ള നാടാണ് പൊന്നാനി. മൂംബൈ സ്വാദേശിയായ ജിഎം ബനാത്ത്‌വാലയെ 7 തവണ ലോക്‌സഭയിലേക്ക് അയച്ച അപൂർവതകളുള്ള നാടാണ് പൊന്നാനി. കഴിഞ്ഞ 16 കൊല്ലമായി ഇടി മുഹമ്മദ് ബഷീറിനെ ലോക്‌സഭയിലേക്ക് അയക്കുന്ന പൊന്നാനി. ഈ പൊന്നാനി നഗരസഭയിലെ 12ആം വാർഡിൽ നിന്നുള്ള യുഡിഎഫ്‌ മുൻ കൗൺസിലർ കെവി ഹഫ്‌സത്ത് മലബാർ ന്യൂസ് പ്രധിനിധിയുമായി ടെലിഫോൺ വഴി സംസാരിക്കുന്നു.

കൗൺസിലർ സ്‌ഥാനത്ത്‌ നിന്നും പടിയിറങ്ങുമ്പോൾ ഇതുവരെയുള്ള നിങ്ങളുടെ പ്രവർത്തങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

അഭിമാനവും അതിലേറെ പൂർണ സംതൃപ്‌തിയുമുണ്ട്. കാരണം രാഷ്‌ട്രീയമോ മതമോ ഒന്നും നോക്കാതെ എന്റെ വാർഡിലെ ജനങ്ങൾ കഴിഞ്ഞ അഞ്ചുകൊല്ലം എനിക്ക് നൽകിയ സ്‌നേഹവും കരുതലും മറക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ഉണ്ടായിരുന്ന കൗൺസിലർ അലിയുടെ വിജയത്തോടെ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർണമാക്കാനും കൂടുതൽ പുതിയ പദ്ധതികൾ തുടങ്ങാനും കുറെയേറെ പദ്ധതികൾ നടപ്പിലാക്കാനും കഴിഞ്ഞ 5 വർഷം കൊണ്ട് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് പൂർണ സംതൃപ്‌തിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്.

5 കൊല്ലത്തിനിടയിൽ നിങ്ങൾക്കെതിരെ ഉണ്ടായ പ്രധാന അഴിമതി ആരോപണങ്ങൾ എന്തൊക്കെ ആയിരുന്നു?

തമാശക്ക് പോലും ഒരു അഴിമതി ആരോപണം ഞാൻ നേരിട്ടിട്ടില്ല. അഴിമതിയുടെ ഒരു നിഴൽ പോലും എന്നെയോ എന്റെ പാർട്ടിയെയോ ബാധിക്കുന്ന രീതിയിലുള്ള ഒന്നും ഉണ്ടായിട്ടില്ല. എല്ലാ കണക്കുകളും പൂർണമായും സുതാര്യമായിരുന്നു.

എന്തൊക്കെ വികസന പദ്ധതികളാണ് നൈതല്ലൂരിൽ കൊണ്ടുവരാൻ സാധിച്ചത്?

നിങ്ങളിപ്പോൾ കാണുന്ന എല്ലാ റോഡുകളും കഴിഞ്ഞ 10 വർഷങ്ങളിൽ സംഭവിച്ച മാറ്റങ്ങളാണ്. അതിനു മുൻപ് നൈതല്ലൂരിൽ സഞ്ചാരയോഗ്യമായ എത്ര റോഡുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്നാട്ടിലെ ജനങ്ങൾക്കറിയാം. പുതിയ റോഡുകൾ നിർമിച്ചും ഉണ്ടായിരുന്ന ഇടവഴികളും ചെറുറോഡുകളും സഞ്ചാരയോഗ്യമാക്കിയും ഇന്ന് നിങ്ങൾ കാണുന്ന ഈ രീതിയിലെത്തിച്ചത് 10 വർഷമായി ഇവിടെ നിന്ന് ജയിച്ച യുഡിഎഫ്‌ കൗൺസിലർമാരുടെ ശ്രമഫലമായിട്ടാണ്.

മുക്കിലും മൂലയിലും വൈദ്യുതിയും വഴിവിളക്കുകളും അംഗനവാടി കെട്ടിടം മുതൽ വായനശാലവരെയും, വിജയികളെ ആദരിക്കൽ മുതൽ നാട്ടിലെ ആഘോഷ പരിപാടികൾ വരെ ഇന്ന് കാണുന്ന വികസനങ്ങളും സാമൂഹിക സാംസ്‌കാരിക വിജയങ്ങളും എല്ലാം വാർഡിലെ യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിന്റെയും സംഭാവനയാണ്.

Kandakurumbakkavu Temple
പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്രം

റോഡുകൾ, വഴികൾ എന്നിവയിൽ വന്ന മാറ്റം ഞങ്ങൾ ശ്രദ്ധിച്ചു. എടുത്ത് പറയാവുന്ന മറ്റു നേട്ടങ്ങൾ എന്തൊക്കെയാണ്?

പാവപ്പെട്ടവർക്ക് 80ഓളം പുതിയ വീടുകൾ പാസാക്കി, 272 വീടുകൾക്ക് കുടിവെള്ള കണക്ഷൻ അനുവദിച്ചു. നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. പുതിയ അങ്കണവാടികൾ സ്‌ഥാപിച്ചു. ഇരുട്ട് മൂടി കിടന്നിരുന്ന ഈ പ്രദേശത്ത് സമ്പൂർണ വൈദ്യുദീകരണം നടത്തി. അനേകം സ്‌ഥലങ്ങളിൽ വഴിവിളക്കുകൾ സ്‌ഥാപിച്ചു. നൂറുകണക്കിന് ആളുകൾക്ക് പ്രളയസഹായം എത്തിച്ചു. അർഹതപെട്ട എല്ലാവരിലേക്കും ആനുകൂല്യങ്ങളും പെൻഷനുകളും എത്തിക്കാൻ കഴിഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതൽ ആളുകൾക്ക് തൊഴിൽ കൊടുക്കാൻ സാധിച്ചു. കളക്‌ടർക്ക് ഞാൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രളയ ബാധിതരായ 300 ആളുകൾക്ക് പതിനായിരം രൂപ വീതം നേടിക്കൊടുത്തു. 50 എസ്‌സി കുടുംബങ്ങൾക്ക് വാട്ടർടാങ്ക്, എംപി ഫണ്ടിൽ നിന്നും എസ്‌സി കുടുംബങ്ങൾക്ക് ചികിൽസാ സഹായങ്ങൾ. അങ്ങനെ ചെറുതും വലുതുമായ നൂറുകണക്കിന് പ്രവർത്തികൾ ഒരു കൗൺസിലർ എന്ന നിലയിൽ എനിക്ക് ചെയ്യാൻ സാധിച്ചു. ഒരു ദിവസം പോലും വെറുതെ ഇരിക്കാതെ പ്രവർത്തിച്ചിട്ടുണ്ട്. ചെയ്യാവുന്നതിനപ്പുറം നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടിചെയ്യാൻ സാധിച്ചിട്ടുണ്ട്.

നൈതല്ലൂരിൽ ഒരു മാറ്റം വേണം എന്നാണ് എതിർകക്ഷികൾ പറയുന്നത്. എന്താണ് അതിനെ സംബന്ധിച്ച് പറയാനുള്ളത്?

അത് മാത്രമേ അവർക്ക് പറയാൻ സാധിക്കു. ഒരു അഴിമതിയോ പോരായ്‌മയോ അവർക്ക് തെളിവ് സഹിതം ചൂണ്ടികാണിക്കാൻ കഴിയില്ല. ഇനി എന്തിനാണ് മാറ്റം? തുടർച്ചയായ യുഡിഎഫ് ഭരണം വാർഡിൽ നില നിന്നാൽ വികസനത്തിന് വേഗത വർധിക്കും. ഇത്തവണകൂടി യുഡിഎഫ് ഈ വാർഡിൽ ജയിച്ചാൽ അടുത്ത 5 കൊല്ലം കൊണ്ട് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും നല്ല വാർഡിനുള്ള പല അവാർഡുകളും നമ്മുടെ നാടിനു കിട്ടും അതിനുള്ള എല്ലാ അടിസ്‌ഥാന കാര്യങ്ങളും നമ്മുടെ വാർഡിൽ കഴിഞ്ഞ 10 വർഷംകൊണ്ട് ആയിട്ടുണ്ട്. അതിന്റെ തുടർച്ചയും പൂർത്തീകരണവുമാണ് ഇനി വേണ്ടത്. അതിന് യുഡിഎഫ് ഭരണം നമ്മുടെ വാർഡിൽ വരണം.

എന്തിനാണ് ഈ വാർഡിലൊരു രാഷ്‌ട്രീയ മാറ്റം? ബുദ്ധിയുള്ള മനുഷ്യർ എപ്പോഴാണ് മാറ്റം ആഗ്രഹിക്കുക? നമുക്ക് അർഹതപ്പെട്ട കാര്യങ്ങൾ കിട്ടാതിരിക്കുക. നാടിന്റെ വികസനം നടക്കാതെ പോകുക. സാധാരണകാരുടെ ആവശ്യങ്ങൾക്ക് കൗൺസിലറെ കാണാൻ കിട്ടാതിരിക്കുക. നാട്ടിലെ സമാധാനവും സന്തോഷവും തകരുക. അതുമല്ലങ്കിൽ പഴയതിനേക്കാൾ മോശമായ ഭരണം ഉണ്ടാകുക. ഇത്തരം പ്രശ്‌നങ്ങൾ ഒന്നും തന്നെ ഞങ്ങളുടെ വാർഡിലില്ല. കാരണം കഴിഞ്ഞ 10 കൊല്ലം കൊണ്ട് നൈതല്ലൂരിൽ വികസനങ്ങളുടെ വിപ്ളവമാണ് നടന്നത്. ഇനിയും മുന്നോട്ടു തന്നെയാണ് യുഡിഎഫ് ലക്‌ഷ്യം.

കേരളം രൂപംകൊണ്ട അന്നുമുതൽ 2010 വരെ കോൺഗ്രസും യൂഡിഎഫും അല്ലാത്ത പാർട്ടികളും സ്വതന്ത്രരും ഭരിച്ചു. ആ 60 കൊല്ലത്തെ ഭരണം കൊണ്ട് ഒരു നല്ല റോഡോ നാട്ടിലെ വഴികളിൽ വെളിച്ചമോ പോലും എത്തിക്കാതെ നാടിന്റെ പേരും പറഞ്ഞു ജീവിച്ച വാർഡ് പ്രതിനിധികളെ മടുത്തിട്ടാണ് 2010ൽ ജനങ്ങൾ യുഡിഎഫിന്റെ കൈകളിൽ വാർഡിനെ ഏൽപ്പിച്ചത്.

60 കൊല്ലം കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാക്കാൻ കഴിയാത്ത നേട്ടമാണ് വെറും 10 കൊല്ലം കൊണ്ട് പിന്നീട് യുഡിഎഫ്‌ കൗൺസിലർമാർ കൊണ്ടുവന്നത്. ഇനിയും ആ ഇരുണ്ടകാലത്തിലേക്ക്, സ്വജനപക്ഷ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് നമ്മുടെ നാട്ടുകാർ ആഗ്രഹിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സർക്കാർ ആനുകൂല്യങ്ങൾ കൂടാതെ വേറെ എന്തൊക്കെ പ്രവർത്തനങ്ങളാണ് നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടി നാടിനു വേണ്ടി ചെയ്‌തത്‌?

നമ്മുടെ നാട്ടിലെ യുഡിഎഫ്‌ നിരന്തരം കർമ നിരതമാണ്. മറ്റു രാഷ്‌ട്രീയപാർട്ടികൾ നടത്തുന്ന തിരഞ്ഞെടുപ്പ് നാടകം പോലെയല്ല യുഡിഎഫിന് രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തനം അത് നാടിന്റെ ആവശ്യങ്ങളറിഞ്ഞു, നിരന്തരം പ്രവർത്തിക്കുന്ന ഒരു കൂട്ടം നല്ല “മനുഷ്യരുടെ” മഹാ പ്രസ്‌ഥാനമാണ്. പ്രളയമായാലും, കൊറോണയായാലും, സാംസ്‌കാരിക പ്രവത്തനമായാലും ആഘോഷമായാലും ചികിൽസാ സഹായങ്ങളായാലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആയാലും, വീട് നിർമാണ പ്രവർത്തനങ്ങൾ ആയാലും എന്തിനും ഏതിനും മത-ജാതി-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മുന്നിട്ടിറങ്ങാൻ അവരല്ലേ ഉണ്ടായിരുന്നുള്ളൂ.

KV Hafsath Ponnani Councilor
കെവി ഹഫ്‌സത്ത് (പൊന്നാനി 12ആം വാർഡ് മുൻ കൗൺസിലർ)

യുഡിഎഫ് ഭരിച്ച ഈ പത്തുകൊല്ലം അല്ലാതെ കേരളം രൂപംകൊണ്ട 1951 മുതൽ 2010 വരെ ഭരിച്ച കോൺഗ്രസ് ഇതര വാർഡ് പ്രതിനിധികൾ നാടിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ല എന്നാണോ?

നിങ്ങൾ ഈ നാടുകാണാൻ തുടങ്ങിയിട്ട് എത്രകൊല്ലമായി? ആ നിങ്ങൾക്ക് അറിയില്ലേ പത്തുകൊല്ലം മുൻപുള്ള നൈതല്ലൂരിന്റെ അവസ്‌ഥ. നമ്മുടെ വാർഡ് കൗൺസിലറെ കാണാനില്ലാത്ത കാലം വരെ ഉണ്ടായിരുന്നു. അന്നൊക്കെ ജനങ്ങളുടെ ആവശ്യങ്ങൾ നടക്കാൻ കൗൺസിലറുടെയും പാർട്ടി നേതൃത്വത്തിന്റെയും വീട് കയറിയിറങ്ങി മടുത്താലും കാര്യങ്ങൾ നടക്കാറില്ലല്ലോ. അന്ന് വാർഡ് കൗൺസിലർ എന്ന് പറഞ്ഞാൽ എന്തോ അധികാരം കിട്ടിയ പോലെയായിരുന്നു. ഇന്നങ്ങിനെയാണോ? ഞാനും എനിക്ക് മുൻപുണ്ടായിരുന്ന അലിയും നമ്മളിൽ ഒരാളായിരുന്നു. കൗൺസിലർ സ്‌ഥാനം ജനം നൽകുന്ന ഉത്തരവാദിത്തമാണ്. അത് കൊണ്ട് കൗൺസിലർ എപ്പോഴും ജനത്തിന് ഒപ്പമുണ്ടാകണം.

ഇപ്പോൾ ജയിക്കാൻ പോകുന്ന രാജേഷ് പുലക്കുന്നത്ത് എന്ന രെജുവും അങ്ങനെ ആയിരിക്കും. അതുറപ്പാണ്. ഇടതുപക്ഷം കൊടിപിടിച്ചു നടന്നവർക്കും അവരുടെ നേതാക്കൾക്കും മാത്രമായിരുന്നു വ്യക്‌തിഗത ആനുകൂല്യങ്ങൾ എത്തിച്ചിരുന്നത്. ഇന്ന് അങ്ങിനെയാണോ? നാട്ടിലന്വേഷിച്ചാൽ അറിയാം, അർഹതപെട്ട എല്ലാവരിലേക്കും, പാർട്ടിയോ മതമോ ഒന്നും നോക്കാതെ ആനുകൂല്യങ്ങൾ നമ്മൾ എത്തിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ റോഡിനു പാസായ ഫണ്ടുകൾ വരെ കട്ടുമുടിച്ചു നടന്നിരുന്ന ഒരുകൂട്ടം ആളുകൾ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്. ആ അവസ്‌ഥ ഇനിയും ഉണ്ടാകരുത്. അതിനു രാജേഷ് ജയിക്കണം.

വാർഡിൽ മത വിശ്വാസികൾക്ക് വലിയ സ്വാധീനം ഉണ്ടല്ലോ? അതുകൊണ്ടുള്ള ചോദ്യമാണ്, ശബരിമല വിഷയത്തിൽ വാർഡ് കൗൺസിലർ എന്ന നിലയിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്?

ശബരിമല വിഷയത്തിൽ ഞാനും എന്റെ പാർട്ടിയും വിശ്വാസികൾക്കൊപ്പമാണ് നിലകൊണ്ടത്. കാരണം ഞാനൊരു മതവിശ്വാസിയാണ്. എന്റെ പാർട്ടി ഒരു മതേതര പ്രസ്‌ഥാനമാണ്. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതിരുന്നിട്ട് പോലും വിശാസത്തിന് പുറത്ത് കുതിരകയറുന്ന ഇടത് നിലപാടിനെതിരെ ശക്‌തമായ നിലപാടെടുത്തത് കോൺഗ്രസ് പ്രസ്‌ഥാനമായിരുന്നു. എനിക്കും അതേ നിലപാട് തന്നെയാണ്.

കേന്ദ്രഭരണം കയ്യിലുണ്ടായിട്ട് പോലും വിശ്വാസികൾക്ക് വേണ്ടി ഒരു നിയമ നിർമാണം നടത്താൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വിശ്വാസം സംരക്ഷിക്കാൻ നിയമനിർമാണം നടത്താൻ ബിജെപിക്കും സഖ്യകക്ഷികൾക്കും സാധിച്ചില്ലെങ്കിലും കാർഷിക വിളകൾ കുത്തക മുതലാളിമാർക്ക് കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കാനുള്ള നിയമ നിർമാണം അവർ നടത്തി. എന്തായാലും വിശാസികളുടെ വിശ്വാസങ്ങളിൽ കയറി കളിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. അത് അംഗീകരിക്കാൻ കഴിയില്ല.

ഇത്തവണ മൽസര രംഗത്തുള്ള സ്‌ഥാനാർഥികളെ സംബന്ധിച്ച് എന്താണ് വിലയിരുത്തൽ?

എല്ലാ സ്‌ഥാനാർഥികളും നമ്മുടെ നാട്ടുകാർ തന്നെയാണ്. നാളെയും കാണേണ്ടവരുമാണ്. ആരും മോശമാണ് എന്ന് പറയാൻ പറ്റില്ല. പക്ഷെ, ഞങ്ങളുടെ സ്‌ഥാനാർഥി രാജേഷ് മറ്റുള്ളവരിൽ നിന്നും ഏറെ വിത്യസ്‌തനും അനുഭവ സമ്പത്തുള്ള ആളുമാണ്. അടുത്ത 5 വർഷംകൊണ്ട് നമുക്കേറെ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. അതിന് ജാതിമത ഭേദമില്ലാതെ, കക്ഷി രാഷ്‌ട്രീയത്തിന്റെ കാർക്കശ്യങ്ങളില്ലാത്ത, എല്ലാവരുമായും സ്‌നേഹപൂർവം ഇടപഴകുന്ന സൗമ്യനും സ്‌നേഹ ശീലനുമായ രാജേഷ് പുലക്കുന്നത്ത് എന്ന രെജുവിനെയാണ് നമുക്ക് വിജയിപ്പിക്കേണ്ടത്.

നാടിന്റെ ഓരോ സ്‌പന്ദനവുമറിയുന്ന, നമ്മുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസിലാക്കാൻ കഴിയുന്ന ‘ഉത്തരവാദിത്ത ബോധമുള്ള’ ചെറുപ്പക്കാരനാണ് രാജേഷ്. നമ്മളെല്ലാവരും അറിയുന്ന, നമ്മളെ അറിയുന്ന പുലക്കുന്നത്ത് സുബ്രഹ്‌മണ്യന്റെ അനുജൻ പരേതനായ മോഹനേട്ടന്റെ മകനാണ് രാജേഷ് പുലക്കുന്നത്ത് എന്ന രെജു. മാത്രവുമല്ല, യുഡിഎഫ് മുന്നണി ഏറ്റവും ശക്‌തമായ വാർഡുകളിൽ ഒന്നാണ് നൈതല്ലൂർ.

ഒത്തൊരുമയുള്ള ഒരു കൂട്ടം ആളുകൾ രാജേഷിനു ഒപ്പമുണ്ട്. രാജേഷ് ജയിച്ചാൽ രാജേഷ് മാത്രമല്ല നമുക്ക് വേണ്ടി പ്രവർത്തിക്കുക. യുഡിഎഫ് മുന്നണിയിലെ ഓരോരുത്തരും നാടിനു വേണ്ടി കക്ഷി രാഷ്‌ട്രീയം നോക്കാതെ പ്രവർത്തിക്കും. ഇത് മറ്റൊരുപാർട്ടിക്കും നൈതല്ലൂരിൽ അവകാശപ്പെടാൻ സാധിക്കില്ല. അത്രയ്‌ക്ക് ശക്‌തമാണ്‌ യുഡിഎഫ് നൈതല്ലൂരിൽ.

Rajesh Pulakkunnath Naithalloor
യുഡിഎഫ് സ്‌ഥാനാർഥി രാജേഷ് പുലക്കുന്നത്ത്

യുഡിഎഫ് വാർഡിൽ ശക്‌തമാണ്‌ എന്ന് പറഞ്ഞത് മനസിലായില്ല. ഒന്ന് വിശദീകരിക്കാമോ?

വാർഡിൽ പാർട്ടിക്ക് സ്വന്തമായ കെട്ടിടമുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നങ്ങൾ ഉണ്ടായാലും അത് ചർച്ച ചെയ്യാനും പരിഹരിക്കാനും തീരുമാനങ്ങൾ എടുക്കാനും സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടി ഓഫീസ് വലിയരീതിയിൽ സഹായിക്കും. മാത്രവുമല്ല യുഡിഎഫിൽ നിന്ന് പ്രവാസികളായ 100 ലധികം പേരാണ് വിദേശ രാജ്യങ്ങളിൽ ഉള്ളത്. ഇവരുടെ സഹായം പല രീതിയിൽ യുഡിഎഫ് നാടിനു വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. ചികിൽസാ സഹായം, വീട് നിർമാണ സഹായം, വിവാഹ സഹായം തുടങ്ങി അനേകം കാര്യങ്ങൾക്ക് പ്രവാസികളുടെ സഹായം യുഡിഎഫിന് എത്തിക്കാൻ കഴിയും. ഇത് മറ്റൊരുപാർട്ടിക്കും ഈ വാർഡിൽ സാധ്യമല്ല.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് മറ്റുപാർട്ടികൾ വിട്ട് കോൺഗ്രസിലേക്ക് വന്നത് 20ലധികം പേരാണ്. അതിന്റെ കാരണം യുഡിഎഫ് നൽകുന്ന സഹായങ്ങളും സമീപനവുമാണ്. അതിനിയും തുടരണം. അതിന് യുഡിഎഫ് സ്‌ഥാനാർഥി രാജേഷ് പുലക്കുന്നത് ജയിക്കണം.

വാർഡ് നേടിയ പുരോഗമനം എൽഡിഎഫിന് വിട്ടുകൊടുത്ത് നശിപ്പിക്കരുതെന്നാണ് എനിക്ക് എന്റെ നാട്ടിലെ വോട്ടർമാരോട് പറയാനുള്ളത്. ഉത്തരവാദിത്ത ബോധമുള്ള, അനുഭവ സമ്പത്തുള്ള, സർവോപരി മതേതര ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനമായ കോൺഗ്രസിന്റെ പ്രവർത്തകനായ രാജേഷ് പുലക്കുന്നത്തിനെ വിജയിപ്പിക്കണം. നേടിയ വികസനം ഇനിയും ശക്‌തമായി മുന്നോട്ടു കൊണ്ടുപോകണം. അതിനായി എല്ലാവരും രാജേഷ് പുലക്കുന്നത്തിനു കൈപ്പത്തി അടയാളത്തിൽ വോട്ടുചെയ്യണം എന്നാണ് എന്റെ അഭ്യർഥന; ശ്രീമതി ഹഫ്‌സത്ത് പറഞ്ഞു നിറുത്തി.

Naithalloor Congres Office
നൈതല്ലൂരിലെ കോൺഗ്രസ് ആസ്‌ഥാന മന്ദിരം

Sponsored Article

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE