മലപ്പുറം: രാഷ്‌ട്രീയത്തിനപ്പുറം നാട്ടുകാർക്കേവർക്കും പ്രിയങ്കരനായ യു അബൂബക്കറിന്റെ വിയോഗം നാടിനും കോൺഗ്രസിനും തീരാ നഷ്‌ടമാണെന്നും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് വിസ്‌മരിക്കാൻ കഴിയാത്ത പേരാണ് ഇദ്ദേഹത്തിന്റേത് എന്നും ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് പൊന്നാനി.
സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തിലൂടെ കടന്ന് വന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ആറ് പതിറ്റാണ്ടിലധികം പ്രവർത്തിച്ച മുൻ ഡിസിസി പ്രസിഡണ്ട് കൂടിയായ ഇദ്ദേഹം മതേതരത്വം മുറുകെ പിടിച്ച് മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിന്റെ ചര്യയും, ആദർശവും നെഞ്ചിലേറ്റി മുന്നേറിയ നേതാവാണ്.
ഇ മൊയ്‌തു മൗലവിയുടെയും കെജി കരുണാകര മേനോന്റെയും രാഷ്‌ട്രീയ കളരിയിൽ തിളങ്ങിയാണ് മുൻ നിര കോൺഗ്രസ് നേതാവായി അബൂബക്കർ സാഹിബ് മാറിയത്. ആര്യാടൻ, പിടി മോഹന കൃഷ്‌ണൻ, എംപി ഗംഗാധരൻ, ഏസി കുഞ്ഞിമോൻ ഹാജി(വടക്കേക്കാട്), പയ്യപ്പുള്ളി മുഹമ്മദ് കുട്ടി, യുകെ ഭാസി, സി ഹരിദാസ്, വിഎം കൊളക്കാട് തുടങ്ങിയവർക്കൊപ്പവും തോളോട് തോൾ ചേർന്ന് ഇദ്ദേഹം പ്രവർത്തിച്ചു.
വന്നേരി നാട്ടിലും പൊന്നാനിയിലും മലപ്പുറം ജില്ലയിലും കോൺഗ്രസിനെ കെട്ടിപ്പടുക്കുവാൻ ധീരമായ നേതൃത്വമാണ് ഇദ്ദേഹം നൽകിയത്. മലപ്പുറം ജില്ല രൂപംകൊണ്ട കാലം മുതൽ ജില്ലയിലെ കോൺഗ്രസിന്റെ സമുന്നത നേതാവായി അബൂബക്കർക്ക മാറി. കെപിസിസി എക്‌സിക്യുട്ടീവ് അംഗമായും, കെപിസിസി അംഗമായി അമ്പത് വർഷക്കാലവും, നിരവധി വർഷം ഡിസിസി ഭാരവാഹിയായും, യുഡിഎഫ് ജില്ലാ ചെയർമാനായും യു അബൂബക്കർ സാഹിബ് പ്രവർത്തിച്ചു.

അണ്ടത്തോട് ബാങ്ക് പ്രസിഡണ്ട്, ജില്ലാ ബാങ്ക് വൈസ് ചെയർമാൻ, മലിനീകരണ ബോർഡ് അംഗം എന്നിങ്ങനെയുള്ള നിലകളിലും പ്രവർത്തിച്ച ഇദ്ദേഹം ഡിസിസി പ്രസിഡണ്ടായി ജില്ലയിൽ കോൺഗ്രസിന് ശക്‌തമായി നേതൃത്വം നൽകി. ഏകെ ആന്റണി, കെ കരുണാകരൻ, ഉമ്മൻ ചാണ്ടി, വയലാർ രവി, പിസി ചാക്കോ, വിഎം സുധീരൻ, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക നേതാക്കളോടും ഹൃദ്യമായ സൗഹൃദമാണ് ഇദ്ദേഹം സൂക്ഷിച്ചിരുന്നത്.
1978ലെ കോൺഗ്രസ് പിളർപ്പിനെ തുടർന്ന് ആന്റണി പക്ഷത്ത് ഉറച്ച് നിന്ന അബൂബക്കർ സാഹിബ് അക്കാലഘട്ടത്തിൽ മലപ്പുറം ജില്ലയിൽ വിശ്രമമില്ലാതെ തന്റെ പക്ഷത്തിന്റെ വിജയത്തിനായി സമ്പത്തും കഠിനാദ്ധ്വാനവും മുതലിറക്കി പ്രവർത്തിച്ചത് വിസ്‌മരിക്കാൻ ആർക്കുമാകില്ല. 1977ലാണ് ഇദ്ദേഹവുമായി എന്റെ ബന്ധം ആരംഭിക്കുന്നത്. 1982ലെ കോൺഗ്രസ് ലയനത്തിന് ശേഷം ഈ ബന്ധം ശക്‌തമായി ഞാൻ സൂക്ഷിച്ചു.
വിഎ ലത്തീഫ്, സുരേഷ് പൊൽപ്പാക്കര എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ സൗഹൃദ സഞ്ചാരികൾ. പിന്നീട് ഞാനും ആ സംഗത്തിൽ ഒപ്പം ഉണ്ടായി.1986 മുതൽ 1992ൽ ഗൾഫിൽ പോകുന്നത് വരെ മിക്കപ്പോഴും ഇദ്ദേഹത്തെ ഞങ്ങൾ കാണും. സംസാരിക്കും. അങ്ങിനെയാണ് ആത്‌മ ബന്ധം വളർന്നത്. യോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങി നിരവധിയാത്രകളുമായി ഇദ്ദേഹത്തിലേക്ക് കൂടുതൽ അടുക്കാൻ എനിക്ക് സാധിച്ചു.

1997ലെ കോൺഗ്രസിന്റെ 80ആം പ്‌ളീനറി സമ്മേളനത്തിന് കൽക്കത്തയിലേക്ക് ഈയിടെ നിര്യാതനായ മുൻ ഡിസിസി പ്രസിഡണ്ട് വിഎം.കൊളക്കാട്, സുരേഷ് പൊൽപ്പാക്കര, അടാട്ട് വാസുദേവൻ എന്നിവരോടൊപ്പം ഞാനും അബൂബക്കർ സാഹിബും യാത്രപോയതും ഒന്നിച്ച് താമസിച്ചതും ഒന്നിച്ച് തിരിച്ച് വന്നതും ഒക്കെ വലിയ അനുഭവങ്ങളാണ്. ജില്ലയിലെ കോൺഗ്രസ് ഒരിക്കലും മറക്കാത്ത അബൂബക്കർ സാഹിബ് ഇനി ഞങ്ങളുടെ ഹൃദയത്തിന്റെ ചില്ല് കൊട്ടാരത്തിൽ.
Most Read: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം