പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി

By Team Member, Malabar News
Malabar News_ Ma'adin hamari zameen Programme
ഇടത് നിന്ന്; സയ്യിദ് ഖലീൽ അൽ ബുഖാരി, മന്ത്രി എ.സി മൊയ്തീൻ, എം.എ യൂസഫലി
Ajwa Travels

മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ ‘ഹമാരീ സമീന്‍’ ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു സംഘാടനം. ഓണ്‍ലൈനിലൂടെ ആയിരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി എ.സി മൊയ്തീന്‍, എം.എ യൂസഫലി, ഡോ. കെ.കെ.എന്‍ കുറുപ്പ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

ഭാരതത്തിന്റെ കരുത്തായ മതേതരത്വവും ജനാധിപത്യവും വൈവിധ്യങ്ങളിലെ ഒരുമയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ടെന്നും രാജ്യത്തെ കീറിമുറിച്ച് മതരാഷ്ട്രമാക്കാനുള്ള ഗൂഢ തന്ത്രത്തെ നാം തിരിച്ചറിയണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ‘ഹമാരീ സമീന്‍’ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. .

മത സൗഹാര്‍ദത്തോട് കൂടി മതത്തെ സ്‌നേഹിക്കുന്ന, ഇതര മതാശയങ്ങളെ ബഹുമാനിക്കുന്ന, മനുഷ്യരെ സ്‌നേഹിക്കുന്ന ഒരു സമൂഹമായി നാം കൂടുതല്‍ വളരേണ്ടതുണ്ടെന്ന് എം.എ യൂസഫലി പ്രഭാഷണത്തില്‍ വ്യക്തമാക്കി. മത വിശ്വാസത്തില്‍ നിന്ന് കൊണ്ട് തന്നെ ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന ഒരു തലമുറയെ കെട്ടിപ്പടുക്കാനുള്ള ബാധ്യത ഓരോ വ്യക്തികളുടേതും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ‘ഹമാരീ സമീന്‍’ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇദ്ദേഹം പങ്കെടുത്ത് സംസാരിച്ചത്.

മഅദിന്‍ വിദ്യാര്‍ത്ഥികളുടെ ‘ഹമാരീ സമീന്‍ ഫ്രീഡം സോങ്’ ഈ വീഡിയോയില്‍ കേള്‍ക്കാം

ഡോ. കെ.കെ.എന്‍ കുറുപ്പ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കിയ പരിപാടിയില്‍ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് മുഖ്യ പ്രഭാഷണം നടത്തിയത്. പരസ്പരം അറിഞ്ഞും പങ്കുവെച്ചും മാത്രമേ രാജ്യത്തിന് വളരാനാകൂ എന്ന മഹത്തായ സന്ദേശമാണ് രാഷ്ട്ര ശില്‍പ്പികള്‍ നമുക്ക് നല്‍കിയത്. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടും വൈജാത്യങ്ങളെ അംഗീകരിച്ചും മുന്നോട്ട് പോകുമ്പോഴാണ് സ്വാതന്ത്ര്യ ലബ്ദിയുടെ അര്‍ത്ഥം പൂര്‍ണമാകുന്നത്. ആ പൂര്‍ണതക്ക് വേണ്ടി ഓരോ ഭാരതീയനും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹത്തായ പാഠമാണ് മഅദിന്‍ കാമ്പസ് പകര്‍ന്ന് നല്‍കുന്നതെന്നും അദ്ദേഹം മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മഅദിന്‍ അദ്ധ്യാപകനായ ഹബീബ് സഅദി മൂന്നിയൂര്‍ രചന നിര്‍വ്വഹിച്ച് അസദ് പൂക്കോട്ടൂര്‍, മുബഷിര്‍ പെരിന്താറ്റിരി, സഫ് വാന്‍ ഓമച്ചപ്പുഴ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ പാടിയ ഹമാരീ സമീന്‍ ഫ്രീഡം സോങ്, പരിപാടിയിലെ മുഖ്യാകര്‍ഷണമായിരുന്നു. പരിപാടിയുടെ ഭാഗമായി മഅദിന്‍ പബ്ലിക് സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ പരേഡും നടന്നു. മഹാമാരിക്ക് മുന്നില്‍ മുട്ട് മടക്കാത്ത ഒരു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മഅദിന്റെ ‘ഹമാരീ സമീന്‍’ സംഘാടകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE