ന്യൂഡെൽഹി: 77ആം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്‌പവൃഷ്‌ടി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ‘140 കോടി കുടുംബാംഗങ്ങളെ’ എന്ന് അഭിസംബോധന ചെയ്‌താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുക്കാനായി ജീവത്യാഗം ചെയ്‌ത ഏല്ലാവർക്കും ആദരവ് അർപ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
രാജ്യം മണിപ്പൂരിനൊപ്പമാണ്. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ മണിപ്പൂരിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. അത് തുടരും. മണിപ്പൂർ ഇപ്പോൾ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ്. മണിപ്പൂരിൽ അടക്കം പലഭാഗങ്ങളിലും ഹിംസാൽമക സംഭവങ്ങൾ ഉണ്ടായി. മണിപ്പൂരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന സംഭവങ്ങളുണ്ടായി. രാജ്യം മണിപ്പൂരിനൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ, സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റു സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സന്ദേശം നൽകും.
വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷനൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളിലെ കുട്ടികൾ ദേശഭക്‌തി ഗാനങ്ങൾ അവതരിപ്പിക്കും.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!