ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ഭാരവാഹി അറസ്‌റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ പിഎച്ച് നാസർ ആണ് അറസ്‌റ്റിലായത്. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ പ്രകടനത്തിന്റെ സംഘാടകൻ എന്ന നിലയിലാണ് അറസ്‌റ്റ് എന്ന് പോലീസ് അറിയിച്ചു.
ഇതോടെ മുദ്രാവാക്യം വിളി കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 29 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളെയും നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. അതിനിടെ, പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട് പുറത്ത് വന്നിരുന്നു.
മതസ്‌പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ 24 മുതൽ 27 വരെയുള്ള പ്രതികൾ കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയോടൊപ്പം പിതാവും പിഎഫ്ഐ റാലിയിൽ മുദ്രാവാക്യം ഏറ്റ് ചൊല്ലിയിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെയും സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെയും 33 ബാങ്ക് അക്കൗണ്ടുകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളുമായി 68 ലക്ഷത്തിലധികം രൂപയാണ് കണ്ടുകെട്ടിയത്. കള്ളപ്പണ വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡിയുടെ നടപടി.
Most Read: കൊല്ലത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ് 12-കാരിക്ക് ദാരുണാന്ത്യം