ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണചൂടിൽ പരസ്‌പരം വാക്പോരുമായി പഞ്ചാബിലെ കോൺഗ്രസ് – എഎപി പാർട്ടി നേതാക്കൾ. പഞ്ചാബിലെ കോൺഗ്രസ് പാർട്ടി സർക്കസ് ക്യാംപ് ആണെന്നും ചന്നി മൽസരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തെ എഎപി തോൽപിക്കും എന്ന് പറഞ്ഞ എഎപി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മനിനെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് മുഖ്യമന്ത്രി സ്‌ഥാനാർഥി ചരൺജിത് സിംഗ് ചന്നി രംഗത്ത് വന്നു.
ഞങ്ങളുടെ സർക്കസിൽ ഒരു കുരങ്ങന്റെ റോൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും അതിലേക്ക് ചേരാൻ ഡെൽഹിയിൽ നിന്നോ, ഹരിയാനയിൽ നിന്നോ, യുപിയിൽ നിന്നോ അവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്നും ചന്നി പറഞ്ഞു. എഎപിയെ ബ്രിട്ടീഷുകാരോട് ഉപമിച്ച ചന്നി ഇവർ പഞ്ചാബിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നും നിൽക്കുവെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയും ആം ആദ്‌മിക്കെതിരെ രംഗത്ത് വന്നിരുന്നു. ആം ആദ്‌മി പാർട്ടി നയിക്കുന്ന ഡെൽഹിയിൽ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സ്‌ഥാപനങ്ങളുടെ പേരിൽ ഒന്നുമില്ലെന്ന് പ്രിയങ്ക ആരോപിച്ചു. രാഷ്‌ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്.
അവരുടെ ഡെൽഹി മോഡൽ കൊണ്ടുവരുമെന്ന് അവർ പറഞ്ഞു. 2014ൽ ഗുജറാത്ത് മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത് മറക്കരുത്. ഇത്തവണ എഎപിയുടെ ചതിയിൽ വീഴരുത്; പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി ചന്നി നിങ്ങൾക്കിടയിലെ സാധാരണക്കാരനാണെന്നും പ്രിയങ്ക ഗാന്ധി ഊന്നിപ്പറഞ്ഞു.
Read also: കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു