തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. മഴക്കൊപ്പം തന്നെ ഇടിമിന്നലും കാറ്റും തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സംസ്‌ഥാനത്ത് 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിൽ 13ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചു.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ ലഭിക്കുക. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്‌ക്ക് കാരണം. ഈ ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നും ഈർപ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതാണ് മഴ ശക്‌തിപ്പെടാൻ കാരണം. കാലാവസ്‌ഥ മോശമായി തുടരുന്നതിനാൽ കടലിൽ പോകുന്ന മൽസ്യ തൊഴിലാളികൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: മോദി-ബൈഡൻ കൂടിക്കാഴ്‌ച ഇന്ന്; റഷ്യൻ അധിനിവേശം ഉൾപ്പടെ ചർച്ചയായേക്കും