തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറിയേക്കും. ഇതാണ് മഴ കനക്കാൻ കാരണം.
മലയോര മേഖലകളിൽ കൂടുതൽ മഴയ്‌ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരള തീരത്ത് നിലവിൽ മൽസ്യബന്ധനത്തിന് തടസമില്ല. കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേ ഇന്ത്യയിൽ നിന്ന് കാലവർഷം പൂർണമായി പിൻവാങ്ങിയതായും തുലാവർഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉച്ചയ്‌ക്ക് ശേഷം ശക്‌തമായ മഴ പെയ്യുന്ന പ്രവണതയാണ് സംസ്‌ഥാനത്തുള്ളത്. ഒറ്റപ്പെട്ട കനത്ത മഴയോടൊപ്പം ഇടിമിന്നലും ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ എല്ലാം അതിശക്‌തമായ മഴയാണ് ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നത്.
Also Read: മേയറുടെ പരാതി; കെ മുരളീധരനെതിരെ പോലീസ് കേസെടുത്തു