റിയാദ്: ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുരാതന പുരാവസ്‌തു കേന്ദ്രമായ ഹെഗ്ര തുറന്ന് നൽകാനൊരുങ്ങി സൗദി അറേബ്യ. 2000 വർഷത്തിന് ശേഷമാണ് നബാറ്റിയൻ സംസ്‌കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന ഈ മേഖല വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകുന്നത്. ഇതുവരെ സഞ്ചാരികൾക്ക് ഹെഗ്ര പുറത്തുനിന്ന് കാണാനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മദായിൻ സ്വാലിഹ് എന്നും ഹെഗ്ര അറിയപ്പെടുന്നുണ്ട്. സൗദി അറേബ്യയിലെ അൽ ഉലയിൽ മരുഭൂമിയിലെ കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. 2008-ൽ ഇവ യുനെസ്കോ ലോക പൈതൃക പട്ടികയിൽ സ്‌ഥാനം നേടി. സൗദി അറേബ്യയിൽ ലോക പൈതൃക പട്ടികയിൽ സ്‌ഥാനം നേടുന്ന പ്രഥമ സ്‌ഥലമാണ് മദായിൻ സ്വാലിഹ്. കാനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.
മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്ക് അൽ ഉലയിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്‌ഥാനം. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു. പ്രവേശന ഭാഗത്തായുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്‌തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചവയാണ്. ഈ കല്ലറകളും ഇവിടുത്തെ കിണറുകളും നബാറ്റിയൻസിന്റെ വാസ്‌തു-ശിൽപ നിർമാണ നൈപുണ്യം വ്യക്‌തമാക്കുന്നവയാണ്. സംസ്‌കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.
വടക്കൻ അറേബ്യയിലും തെക്കൻ ലെവാന്റിലും വസിച്ചിരുന്ന പുരാതന അറബ് ജനതയായ നബാറ്റിയൻസാണ് ഈ നഗരം നിർമിച്ചത്. സുഗന്ധ വ്യഞ്ജന വ്യാപാരം നിയന്ത്രിക്കുകയും മരുഭൂമിയിൽ അതിശയിപ്പിക്കുന്ന ഒരു നാഗരികത കെട്ടിപ്പടുക്കാനും നബാറ്റിയൻസിന് സാധിച്ചു. എന്നാൽ അവർ നിർമ്മിച്ച നഗരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് ശിലാഫലകങ്ങളും അവശിഷ്‌ടങ്ങളുമാണ്. ഇവിടെയുള്ള 111 ശവകുടീരങ്ങളില്‍ 90 എണ്ണം അലങ്കരിച്ചിട്ടുണ്ട്.
ഒരിക്കൽ റോമൻസ് കീഴടക്കിയ സ്‌ഥലം ആയതിനാൽ ഹെഗ്രയിലെ അവശിഷ്‌ടങ്ങളിൽ റോമൻ സ്വാധീനം ധാരാളമായി കാണാൻ സാധിക്കുമെന്ന് യുനെസ്‌കോ പറയുന്നു. ഏകദേശം 2000 വർഷങ്ങളായി പ്രായോഗിക തടസങ്ങളില്ലാതെ നിലകൊള്ളുകയായിരുന്നു ഹെഗ്ര.
Also Read: വിജിലന്‍സ് റെയ്‌ഡ് സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് വേണ്ടി; ആനത്തലവട്ടം ആനന്ദന്‍
കോവിഡ് മഹാമാരിയെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികൾ കാരണം ഇടിവുണ്ടായ ടൂറിസം മേഖലയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സൗദി. അടുത്ത രണ്ട് ദശകങ്ങളിൽ ആഫ്രിക്കയെയും ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന വ്യാപാര-ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി സൗദി മാറുന്നതിനുള്ള പദ്ധതികൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സൗദിയിലെ സുപ്രധാന സ്‌ഥലങ്ങളിൽ സന്ദർശനം അനുവദിക്കുന്നത്.