റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്‌തമായി നടത്താനും തീരുമാനിച്ചു.
2034ലെ ലോകകപ്പ് നടത്താൻ സൗദി മാത്രമാണ് മുന്നോട്ടുവന്നിരുന്നത്. ആതിഥേയരാകാൻ ഏഷ്യ, ഒഷ്യാനിയ മേഖലകളിൽ നിന്ന് മാത്രമായിരുന്നു ഫിഫ ബിഡുകൾ ക്ഷണിച്ചിരുന്നത്. ഓസ്ട്രേലിയയും ഇന്തോനേഷ്യയും ലോകകപ്പ് വേദിക്കായി നേരത്തെ താൽപര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറി. ഇരു രാജ്യങ്ങളും ഒരുമിച്ച് ലോകകപ്പ് നടത്താനായിരുന്നു ആലോചിച്ചിരുന്നത്.
2026ലെ വനിതാ ഏഷ്യൻ കപ്പും 2029ലെ ഫിഫ ക്ളബ് ലോകകപ്പും നടത്താനാണ് ഓസ്ട്രേലിയയുടെ പുതിയ നീക്കം. 2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോക്കപ്പിൽ 48 ടീമുകൾ മൽസരിക്കാനും ധാരണയായി. കായിക മേഖലയിൽ രാജ്യാന്തര തലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോളിനും 2034 ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.
2022ലെ ഫിഫ വേൾഡ് കപ്പ് സൗദി അറേബ്യയുടെ അയൽ രാജ്യമായ ഖത്തറിലാണ് നടന്നത്. ലോകകപ്പ് നേടിയ അർജന്റീനൻ ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ. പിന്നാലെ ലോകോത്തര താരങ്ങളെ സൗദി പ്രോ ലീഗിലേക്ക് എത്തിച്ച് അറേബ്യൻ രാജ്യം ഞെട്ടിച്ചിരുന്നു. ലോകോത്തര ഫുട്‍ബോൾ താരങ്ങളായ ക്രിസ്‌റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, സാദിയോ മാനെ, നെയ്‌മർ ജൂനിയർ, റോബർട്ടോ ഫിർമിനോ തുടങ്ങിയ വൻ താരനിരയാണ് സൗദിയിലെത്തിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!