കൊച്ചി: വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്‌ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്. സർക്കാർ നിർദ്ദേശിച്ച നിരക്കാണ് ഈടാക്കുന്നതെന്നും വരുന്നവർക്ക് പരിശോധന സൗജന്യമാണെന്നും സിയാൽ അധികൃതർ പറയുന്നു.
യുഎഇയിലേക്ക് പോകുന്നവർക്കുള്ള എയർപോർട്ടിലെ കോവിഡ് പരിശോധനയ്‌ക്ക് 2500 രൂപയാണ് ഈടാക്കുന്നത്. ഇത് കൊള്ളയാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ 500 രൂപയുടെ ആർടിപിസിആർ മതിയെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
എന്നാൽ, ഇതെല്ലാം തെറ്റിദ്ധാരണകൾ മൂലമാണെന്നാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള അതോറിറ്റി പറയുന്നത്. യുഎഇ യാത്രക്കാർക്ക് അരമണിക്കൂർ കൊണ്ട് ഫലം ലഭിക്കുന്ന അതിവേഗ സംവിധാനമായ റാപ്പിഡ് ആർടിപിസിആർ പരിശോധനയാണ് നടത്തുന്നത്. ഇത് ചെലവേറിയതാണെന്നും സർക്കാർ നിർദ്ദേശിച്ച തുക മാത്രമേ ഈടാക്കുന്നുള്ളൂ എന്നും അധികൃതർ വിശദീകരിച്ചു.
യുഎഇ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ ഫലം മതി. ഇതാണ് നിരക്കുകൾ തമ്മിൽ അന്തരമുണ്ടാകാൻ കാരണം. അതേസമയം, വിദേശത്ത് നിന്ന് വരുന്നവർക്കും പരിശോധനയ്‌ക്ക് തുക ഈടാക്കുന്നുവെന്ന പ്രചാരണം സിയാൽ നിഷേധിച്ചു. വിദേശത്ത് നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിനുള്ള കോവിഡ് പരിശോധനകൾ സൗജന്യമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Also Read: ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്‌ക്കണം; സർക്കാർ നേഴ്‌സുമാർ