മലപ്പുറം: സംസ്‌ഥാനത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്‌എസ്‌എൽസി എഴുതുന്നതും കൂടുതല്‍ എ പ്ളസ് ഗ്രേഡ് നേടി വിജയിക്കുന്നതും മലപ്പുറം ജില്ലയാണ്. ഇക്കാര്യം നിരവധി വര്‍ഷങ്ങളായി ബോധ്യമായിട്ടും ശാശ്വത പരിഹാരം കാണാതെ ഇനിയും ജില്ലയിലെ കുട്ടികളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവര്‍ത്തക സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഐക്യകേരള രൂപീകരണ ചര്‍ച്ചയുടെ കാലം മുതൽ മലബാർ നേരിടുന്ന വികസന മുരടിപ്പിൽ ഇപ്പോഴും കാര്യമായ മാറ്റമില്ല. അടിസ്‌ഥാന സൗകര്യ വികസനം മുതൽ എല്ലാ മേഖലകളിലും ഇത് പ്രകടമാണ്. മലബാറിനെ സമഗ്ര വികസനത്തിലേക്ക് നയിക്കുന്നതിൽ ഭരണകൂടങ്ങൾ പലപ്പോഴും പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. പ്രകടമായ ഈ അരികു വൽക്കരണത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയും പെട്ടുപോയിട്ടുണ്ട്. അതിനിയും തുടരരുതെന്ന് സർക്കാരിനോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്, കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
സംസ്‌ഥാനത്ത് പ്ളസ് വണ്‍ അഡ്‌മിഷന് ആകെ കുറവുള്ള 42,903 സീറ്റില്‍ 30, 941 സീറ്റും മലപ്പുറത്താണ് എന്നത് വേദനാജനകവും അപമാനവുമാണ്. ഇത് ഇനിയെങ്കിലും സർക്കാർ തിരിച്ചറിയുകയും അടിയന്തിര പരിഹാരം ആദ്യ അലോട്ട്‌മെന്റിന് മുമ്പ് തന്നെ കാണുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
അശാസ്‌ത്രീയമായ സീറ്റ് വര്‍ധനയാല്‍ ഇപ്പോള്‍ തന്നെ പലക്ളാസിലും 65 കുട്ടികളാണുള്ളത്. കഴിഞ്ഞവർഷം അനുവദിച്ച താല്‍ക്കാലിക ബാച്ചുകള്‍ സ്‌ഥിരപ്പെടുത്തണം. സന്നദ്ധ സംഘടനകള്‍ നടത്തുന്ന അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയും കൂടുതല്‍ കോഴ്‌സുകളും ബാച്ചുകളും അനുവദിച്ചും പ്രതിസന്ധിക്ക് സത്വര പരിഹാരം കാണണമെന്നും യോഗം സർക്കാരിനോട് അഭ്യർഥിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് യോഗത്തിൽ നിന്ന്
യോഗത്തില്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ കോഡൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സികെയു മൗലവി മോങ്ങം, പിഎസ്‌കെ ദാരിമി എടയൂര്‍, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പികെഎം ബശീര്‍ പടിക്കല്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ വേങ്ങര എന്നിവർ സംബന്ധിച്ചു.
Most Read: ലോകം നേരിടാൻ പോവുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎൻ