ന്യൂഡെൽഹി: ഇന്ത്യയെ കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗ്. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ഹിൻഡൻ ബർഗ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവരും’ എന്നായിരുന്നു സന്ദേശം.
2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരെ വിവരങ്ങൾ പുറത്തുവിട്ടതും ഹിൻഡൻ ബർഗായിരുന്നു. റിപ്പോർട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളിൽ നിന്നും സ്വന്തം കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരിപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വൻ ലാഭം കൊയ്‌തു എന്നത് ഉൾപ്പടെയുള്ള ആരോപണങ്ങളാണ് ഹിൻഡൻ ബർഗ് പുറത്തുവിട്ടത്.
85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരി വ്യാപാരമെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്. 12,000 കോടി ഡോളർ വിപണി മൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം, ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോർപറേറ്റ് രംഗത്ത് ദുർഭരണം, ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് ഭീഷണി തുടങ്ങിയവയായിരുന്നു ഹിൻഡൻബർഗ് ഉയർത്തിയ പ്രധാന ആരോപണങ്ങൾ.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ മാർച്ചിൽ സുപ്രീം കോടതി സെബിയോട് നിർദ്ദേശിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് എഎം സപ്രെയുടെ നേതൃത്വത്തിൽ ആറംഗ വിദഗ്‌ധ സമിതിയെയും കോടതി രൂപീകരിച്ചിരുന്നു. എന്നാൽ, സെബി അന്തിമ റിപ്പോർട് സമർപ്പിക്കാത്തതിന് എതിരെ കോടതിയലക്ഷ്യ ഹരജിയും സുപ്രീം കോടതിക്ക് മുന്നിലെത്തിയിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ