മുംബൈ: ഐപിഎൽ മൽസരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്‌ത് സബ്‌സ്‌ക്രൈബേഴ്‌സിനെ വാരിക്കൂട്ടിയ ജിയോ സിനിമക്കെതിരെ പുതിയ തന്ത്രവുമായി ഡിസ്‌നി+ഹോട്ട്‌സ്‌റ്റാർ. സെപ്‌റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും ഒക്‌ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഹോട്ട്‌സ്‌റ്റാറിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഡിസ്‌നി.
സൗജന്യമായി ഐപിഎൽ പ്രദർശിപ്പിച്ചതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവർഷിപ്പാണ് കഴിഞ്ഞ തവണ മുകേഷ് അംബാനിയുടെ ഉടമസ്‌ഥതയിലുള്ള ജിയോ സിനിമ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ആയിരുന്നു ഐപിഎല്ലിന്റെ ഡിജിറ്റൽ സംപ്രേഷണ അവകാശം ഹോട്ട്‌സ്‌റ്റാറിൽ നിന്ന് ജിയോ സിനിമ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയത്. ആദ്യമായിട്ടായിരുന്നു ഡിജിറ്റൽ, ടിവി സംപ്രേഷണാവകാശം ബിസിസിഐ വെവ്വേറെ ആയി വിറ്റത്.
ടെലിവിഷൻ സംപ്രേഷണം ഡിസ്‌നിയുടെ ഉടമസ്‌ഥതയിലുള്ള സ്‌റ്റാർ സ്പോർട്‌സ് നിലനിർത്തിയിരുന്നു. എന്നാൽ, ഐപിഎൽ എച്ച്ഡി ക്വാളിറ്റിയിൽ സൗജന്യമായി സംപ്രേഷണം ചെയ്‌ത ജിയോ സിനിമ ആരാധകരെ വാരിക്കൂട്ടിയതോടെയാണ് ഡിസ്‌നി അപകടം മണത്തറിഞ്ഞത്. 3.04 ബില്യൺ ഡോളറിനാണ് ഐസിസി ടൂർണമെന്റുകളുടെ ഡിജിറ്റൽ, ടെലിവിഷൻ സംപ്രേഷണാവകാശം ഡിസ്‌നി സ്വന്തമാക്കിയത്.
ഈ വർഷം നടക്കുന്ന പ്രധാന ഐസിസി ടൂർണമെന്റ് തന്നെ സൗജന്യമായി പ്രേക്ഷകരിൽ എത്തിച്ചു ആരാധകരെ തിരിച്ചുപിടിക്കാനാണ് ഡിസ്‌നി ശ്രമിക്കുന്നത്. മൊബൈൽ ഉപയോക്‌താക്കൾക്ക് മാത്രമായിരിക്കും ഡിസ്‌നി ഹോട്ട്‌സ്‌റ്റാറിലൂടെ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാനാവുക. ഇതോടെ ക്രിക്കറ്റ് കൂടുതൽ ജനകീയമാകുമെന്ന് ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാർ തലവൻ സജിത് ശിവാനന്ദൻ പറയുന്നു.
Most Read: സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ്; ചരിത്രത്തിലേക്ക് കുതിച്ചുയർന്ന് എയർഇന്ത്യ