കരിപ്പൂർ: സ്‌ത്രീ ശാക്‌തീകരണ രംഗത്ത് പുതിയ കാൽവെപ്പുമായി എയർ ഇന്ത്യ. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ് നടത്തി ചരിത്രത്തിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 145 വനിതാ തീർഥാടകർ അടങ്ങിയ സംഘവുമായി ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യയുടെ IX 3025 നമ്പർ വിമാനം ജിദ്ദയിലേക്ക് പറന്നുയർന്നത്.
യാത്രക്കാരെന്ന പോലെ തന്നെ ജീവനക്കാരും എല്ലാം സ്‌ത്രീകൾ ആയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് എയർഇന്ത്യ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ ഹജ്‌ജ് വിമാന സർവീസ് നടത്തി അഭിമാനമായി മാറിയത്. എല്ലാ നിർണായക ഫ്‌ളൈറ്റ് ഓപ്പറേറ്റർ റോളുകളിലും പൂർണമായും വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ക്യാപ്‌റ്റൻ കനിഹ മെഹ്റ, ഫസ്‌റ്റ് ഓഫീസർ ഗരിമ പാസി എന്നിവരായിരുന്നു വിമാനത്തിന്റെ പൈലറ്റുമാർ.
ബിജിത എംബി, ശ്രീലക്ഷ്‌മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്നു ക്യാബിൻ ക്രൂ അംഗങ്ങൾ. എയർഇന്ത്യയിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്‌തു. മൃദുല കപാഡിയ വിമാനത്തിന്റെ പുരോഗതി നിരീക്ഷിച്ചു. ഒടുക്കം പ്രാദേശിക സമയം 10.45ന് വിമാനം ജിദ്ദയിൽ പറന്നിറങ്ങി.
സ്‌ത്രീകൾക്ക് മാത്രമുള്ള വിമാനം എന്ന ഹജ്‌ജ് കമ്മിറ്റിയുടെ സംരംഭത്തോട് യോജിച്ചുകൊണ്ട് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ വനിതാ ജീവനക്കാരെ മാത്രം ഏർപ്പെടുത്തുകയായിരുന്നു. എയർലൈനിന്റെ തൊഴിൽ ശക്‌തിയിൽ 50 ശതമാനം സ്‌ത്രീകളാണ്. സംസ്‌ഥാനത്ത് നിന്ന് വനിതാ യാത്രക്കാർക്ക് മാത്രമായുള്ള ആദ്യ വിമാനം കരിപ്പൂരിൽ നിന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ് ബർല ഫ്‌ളാഗ് ഓഫ് ചെയ്‌തു. യാത്രാ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ തീർഥാടകയായ കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശിനിയായ സുലൈഖയെ മന്ത്രി ബോർഡിന് പാസ് നൽകി സ്വീകരിച്ചു.
സ്‌ത്രീ ശാക്‌തീകരണ രംഗത്തെ രാജ്യത്തെ മികച്ച കാൽവെപ്പാണ് വനിതാ തീർഥാടകരെ മാത്രം വഹിച്ചുള്ള ഈ യാത്രയെന്ന് കേന്ദമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ നൻമയ്ക്കും സുരക്ഷക്കും വേണ്ടി ഹജ്‌ജ് വേളയിൽ പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത് നിന്ന് ആകെ 16 വിമാനങ്ങളാണ് വനിതാ തീർഥാടകർക്ക് മാത്രം ഹജ്‌ജിനായി യാത്ര നടത്തുന്നത്. കരിപ്പൂരിൽ നിന്ന് 12, കണ്ണൂരിൽ നിന്ന് മൂന്ന്, കൊച്ചിയിൽ നിന്ന് ഒരു വിമാനവുമാണ് വനിതകൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുള്ളത്.
Most Read: 71ആം വയസിൽ ബിരുദം നേടി ആർതർ റോസ്; പൂർത്തിയാക്കിയത് 54 വർഷം കൊണ്ട്