കോഴിക്കോട്: നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. കോഴിക്കോട് നടക്കാവ് ആണ് സംഭവം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിക്ക് നേരെയാണ് ഭർത്താവ് നിധീഷിന്റെ ആക്രമണം ഉണ്ടായത്. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാതിരുന്നതോടെ നടുറോഡിൽ വെച്ച് ഭർത്താവ് മർദ്ദിക്കുകയായിരുന്നുവെന്ന് ശാമിലി പറഞ്ഞു.
മീൻ വിൽക്കുന്ന സമയത്ത് കടയിലേക്ക് വന്ന ഭർത്താവ് നടുറോഡിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മീൻതട്ട് തട്ടിത്തെറിപ്പിച്ചതായും കരിങ്കല്ലെടുത്ത് തന്റെ നേരെ എറിഞ്ഞതായും കഴുത്തിന് കുത്തിപിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്‌തതായും യുവതി പറയുന്നു. കൂടാതെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും ശാമിലി പറഞ്ഞു.
അതേസമയം, ഏറെക്കാലമായി ഭർത്താവിന്റെ ക്രൂരമർദ്ദനം അനുഭവിക്കുന്നതായി യുവതി പറഞ്ഞു. ഭർത്താവിനെതിരെ നേരത്തെയും നടക്കാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് നടപടി എടുത്തില്ല. കഴിഞ്ഞ മാസം 14ന് ഒരു പരാതി കൂടി നൽകിയിരുന്നു. എന്നാൽ, നടപടി എടുക്കാതായതോടെ ഇന്നലെ സ്‌റ്റേഷനിൽ പോയി അന്വേഷിച്ചപ്പോൾ പരാതി കാണുന്നില്ലെന്നാണ് അധികൃതർ അറിയിച്ചതെന്നും ശാമിലി പറഞ്ഞു. അതേസമയം, നടുറോഡിൽ വെച്ച് ആക്രമിച്ച നിധീഷിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: തടി കൂടിയതിന് പരിഹാസം, ഭർതൃവീട്ടിൽ മാനസിക പീഡനം; 19കാരിയുടെ മരണത്തിൽ പരാതി