തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ പെയ്യാനുള്ള സാധ്യത കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നോട്ട് വച്ചതോടെ അണക്കെട്ടുകൾ വീണ്ടും സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി വന്നേക്കുമെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുക്കുകയും, ഇടുക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരിക. നിലവിൽ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നിട്ടില്ലെന്നും, അതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതേസമയം സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി ഡാം തുറന്നിരുന്നു. കൂടാതെ കെഎസ്ഇബിയുടെ 6 ഡാമുകളിൽ നിലവിൽ റെഡ് അലർട് നിലനിൽക്കുകയാണ്. കക്കി, പൊൻമുടി, പൊരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ എന്നിവയാണ് റെഡ് അലർട് ഏർപ്പെടുത്തിയ ഡാമുകൾ. ഒപ്പം തന്നെ ഇടുക്കി, ഷോളയാർ, ആനയിറങ്കൽ, മാട്ടുപ്പെട്ടി എന്നിവക്ക് ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്‌ഥലം നൽകി എടത്വാപള്ളി