റിയാദ് : ക്വാറന്റെയ്ൻ നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി വിധിക്കുമെന്ന് വ്യക്‌തമാക്കി സൗദി. രണ്ട് വർഷം തടവും, രണ്ട് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചത്. ക്വാറന്റെയ്ൻ ലംഘിക്കുന്നത് വിദേശികൾ ആണെങ്കിൽ ശിക്ഷക്ക് ശേഷം ഇവരെ പ്രവേശനവിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.
സൗദിയിൽ നിലവിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്. 14 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കൂടാതെ 1,090 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. അതേസമയം തന്നെ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 982 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്.
സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 4,23,406 ആണ്. ഇവരിൽ 4,06,589 പേരും ഇതുവരെ രോഗമുക്‌തരായി. 96 ശതമാനമാണ് രാജ്യത്തെ നിലവിലത്തെ രോഗമുക്‌തി നിരക്ക്. കൂടാതെ മരണനിരക്ക് 1.7 ശതമാനമായും തുടരുകയാണ്.
Read also : സൗദിയില്‍ ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു