തിരുവനന്തപുരം: സംസ്‌ഥാന വനിത വികസന കോര്‍പറേഷന്റെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടി നിർമ്മിച്ച പരസ്യ ചിത്രങ്ങളുടെ ലോഞ്ചിങ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. സ്‌ത്രീ മുന്നേറ്റത്തിന് കൈത്താങ്ങാകാനും, വനിത വികസന കോര്‍പറേഷനെ കുറിച്ചും, കോര്‍പറേഷന്റെ ഏറ്റവും മികച്ച പദ്ധതികളില്‍ ഒന്നായ മിത്ര 181 വനിത ഹെല്‍പ് ലൈനിനെ കുറിച്ചും പരസ്യ ചിത്രങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രൊമോഷണല്‍ പരസ്യ ചിത്രങ്ങളുടെ സേഫ് സ്‌റ്റേ വെബ്‌സൈറ്റിന്റെ ഉൽഘാടനവും മൊബൈല്‍ ആപ്ളിക്കേഷന്‍ ലോഞ്ചും ചലച്ചിത്രതാരം മീര നന്ദന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. കൂടാതെ ചലച്ചിത്ര താരം മജ്‌ഞു വാര്യരും ഓണ്‍ലൈന്‍ വഴി പരിപാടിയിൽ പങ്കെടുത്തു.
സംസ്‌ഥാന വനിത വികസന കോര്‍പറേഷൻ കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമൂഹത്തില്‍ വ്യക്‌തിമുദ്ര പതിപ്പിക്കുന്നതും ഉപകാരപ്രദവുമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. ഈ സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് യാഥാര്‍ഥ്യമാക്കിയതോടെ വനിത വികസന കോര്‍പ്പറേഷന് കൂടുതല്‍ ശക്‌തമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വനിതകള്‍ക്ക് കുറഞ്ഞ പലിശക്ക് സഹായ വായ്‌പകള്‍ അനുവദിക്കാനും അവരെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി വനിത വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും, വനിത വികസന കോര്‍പറേഷന്റെ സേവനങ്ങളും മിത്ര 181ന്റെ സേവനങ്ങളും ജനങ്ങളിലെത്തിക്കാനാണ് ഇപ്പോൾ പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
സാധാരണക്കാരായ, സമൂഹത്തിന്റെ താഴെതട്ടിലും ഇടത്തരം കുടുംബങ്ങളിലും ജീവിക്കുന്ന വനിതകളിലേക്ക് വനിത വികസന കോര്‍പറേഷന്റെ പദ്ധതികളുടെ ഗുണങ്ങളെ കുറിച്ചുള്ള അവബോധവും ആവശ്യകതയും പ്രചരിപ്പിക്കേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് ഇത്തരത്തിൽ പരസ്യ ചിത്രം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിയത്. 181 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും വിവിധങ്ങളായ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനും കൗണ്‍സിലിംഗിനും റെസ്‌ക്യൂ സര്‍വീസിനും വിളിക്കാവുന്നതാണ്. വനിതകള്‍ക്ക് ഒറ്റ ഡയലിലൂടെ മിത്രയുടെ 181 എന്ന ടോള്‍ ഫ്രീ നമ്പര്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. മിത്രയുടെ സേവനം ആവശ്യഘട്ടങ്ങളില്‍ സ്‌ത്രീകള്‍ക്ക് ഉപകരിക്കണമെങ്കില്‍ 181 എന്ന നമ്പറിന്റെ വ്യാപകമായ പ്രചരണം ആവശ്യമാണ്.
വികെ പ്രശാന്ത് എംഎല്‍എ പരിപാടിയുടെ മുഖ്യാതിഥിയായിപങ്കെടുത്തു. സംവിധായര്‍ക്കും സോഫ്റ്റുവെയര്‍ ഡെവലപ്പേഴ്‌സിനുമുള്ള ഉപഹാരങ്ങള്‍ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ നല്‍കി. കൂടാതെ വനിത വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെഎസ് സലീഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഡി വിസി ബിന്ദു സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി, വനിത വികസന കോര്‍പറേഷന്‍ മാനേജര്‍ എസ് ആശ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read also : സുധാകരന്റെ പരാമർശം ആക്ഷേപമല്ല, അഭിമാനമാണ്; മുഖ്യമന്ത്രി