വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണെന്നും, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും വടകര എംപി ഷാഫി പറമ്പിൽ. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് ഇടതു സൈബർ വാട്‌സ് ആപ് ഗ്രൂപ്പുകളെന്ന പോലീസ് കണ്ടെത്തലിൽ പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
കോടതി ചെവിക്ക് പിടിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും പുറത്തുവന്നത്. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നു, എന്നാൽ നിയമനടപടി തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്‌ക്രീൻ ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടതു ഫേസ്ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോർട്ട് പ്രചരിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്‌തു.
ഇതിനെതിരെ ഖാസിം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയിൽ പോലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് എത്തിയത്. റെഡ് എൻകൗണ്ടേഴ്‌സ്, റെഡ് ബറ്റാലിയൻ എന്നീ വാട്‌സ് ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ പേജുകളിലേക്ക് വ്യാജ സ്‌ക്രീൻ ഷോട്ട് എത്തിയതെന്നാണ് കണ്ടെത്തൽ.
Most Read| വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്‌ജലിക്കെതിരായ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി