‘കോഴിമുട്ട’യിൽ സംഘർഷഭരിതമായി കർണാടക രാഷ്‌ട്രീയം; ഇടഞ്ഞ് ലിംഗായത്തുകൾ

By Desk Reporter, Malabar News
Inclusion of eggs in Karnataka midday meals triggers political row
Representational Image
Ajwa Travels

ബെംഗളൂരു: കർണാടകയിലെ ഏഴ് ജില്ലകളിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ മൂന്ന് നേരം ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകാനുള്ള സർക്കാരിന്റെ തീരുമാനം രാഷ്‌ട്രീയ സംഘർഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കര്‍ണാടക രാഷ്‌ട്രീയത്തിലും അധികാര സംവിധാനങ്ങളിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തിൽ നിന്നാണ് ഏറ്റവും വലിയ എതിർപ്പ് ഉയർന്നിരിക്കുന്നത്.

സ്‌കൂളുകളിൽ ഭക്ഷണത്തോട് ഒപ്പം മുട്ട നൽകിയാൽ അത് സൈനിക ഹോട്ടലുകളായി മാറുമെന്ന് ലിംഗായത്ത് സന്യാസി ചന്നബസവാനന്ദ സ്വാമി പറഞ്ഞു. മുട്ടക്ക് പകരം ധാന്യങ്ങളും പയറുവർഗങ്ങളും നൽകണം. നിയമം പിൻവലിച്ചില്ലെങ്കിൽ ശക്‌തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

വിദ്യാർഥികളിലെ പോഷകാഹാരക്കുറവ് തടയാൻ ലക്ഷ്യമിട്ടാണ് സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തോട് ഒപ്പം കോഴിമുട്ടയും നൽകാൻ തീരുമാനിച്ചത്. നീക്കത്തെ ലിംഗായത്ത് വിഭാഗത്തിലെ നിരവധി പേർ എതിർത്തിട്ടുണ്ട്. ഇതിൽ രാഷ്‌ട്രീയ ബസവ ദൾ, ലിംഗായത്ത് ധർമ്മ മഹാസഭ, അക്കനാഗലാംബിക മഹിളാ ഗാന കാര്യകർത്താരു, ബസവ മണ്ഡപ, രാഷ്‌ട്രീയ ബസവ ദൾ എന്നിവരും ഉൾപ്പെടുന്നു.

സസ്യാഹാരം കഴിക്കുന്ന വിദ്യാർഥികൾക്ക് കോഴിമുട്ടക്ക് പകരം വാഴപ്പഴം നൽകുമെന്ന സർക്കാർ പ്രഖ്യാപനം പോലും അവഗണിച്ചാണ് ഈ വിഭാഗങ്ങൾ എതിർപ്പ് ഉയർത്തുന്നത്. അതേസമയം, എതിർപ്പുകൾ കണക്കിലെടുത്ത് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്ന് സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് നിരവധി സംഘടനകളും രാഷ്‌ട്രീയക്കാരും രംഗത്ത് വന്നു.

സസ്യാഹാരം കഴിക്കുന്ന കുട്ടികൾക്കായി ബദൽ ലഭ്യമാക്കുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ തങ്ങൾക്ക് ‘യാതൊരു പ്രശ്‌നമൊന്നുമില്ലെന്ന്’ ജഗതിക ലിംഗായത്ത് മഹാസഭ സെക്രട്ടറി എസ്എം ജമാദാർ പറഞ്ഞു. സർക്കാരിന്റെ തീരുമാനത്തെ സംഘടന എതിർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകണമെന്നത് ആക്റ്റിവിസ്‌റ്റുകളുടെയും മറ്റും വർഷങ്ങളായുള്ള ആവശ്യമാണ്. വിദ്യാർഥികൾക്ക് പോഷകാഹാരക്കുറവും വിളർച്ചയും കൂടുതലായതിനാൽ മുട്ട ലഭ്യമാക്കുമെന്ന് നവംബർ 23ന് സംസ്‌ഥാന സർക്കാർ അറിയിച്ചിരുന്നു. ബിദാർ, റായ്ച്ചൂർ, കലബുറഗി, യാദ്ഗിർ, കൊപ്പൽ, ബല്ലാരി, വിജയപുര എന്നീ ഏഴ് ജില്ലകളിലെ സ്‌കൂളുകളിലാണ് വിദ്യാർഥികൾക്ക് കോഴിമുട്ട നൽകുന്നത്.

Most Read: വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ പ്രതികരിക്കരുത്; എസ്‌വൈഎസ്‍

YOU MAY LIKE