ധാക്ക: ബംഗ്ളാദേശിലെ കലാപ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ബംഗ്ളാദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്‌ജു, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ബംഗ്ളാദേശുമായുള്ള അതിർത്തിയിൽ ബിഎസ്എഫ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തിയിലെ ബരാക് താഴ്‌വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പോലീസും ബിഎസ്‌എഫും ചേർന്ന് സുരക്ഷ ശക്‌തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ളാദേശുമായി അതിർത്തി പങ്കിടുന്നത്.
അതിർത്തിയിൽ പട്രോളിങ് ശക്‌തമാക്കി. പ്രധാന ചെക്ക്‌പോസ്‌റ്റായ പെട്രോപോൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. അതിനിടെ, ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന് പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ അനുവാദം നൽകി. സൈനിക വിഭാഗങ്ങളുടെ തലവൻമാർ, വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, സമൂഹത്തിലെ പൗരപ്രമുഖർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്. ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ദിവസം സന്ദർശിച്ചിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ