തിരുവനന്തപുരം: സിബിഐ അന്വേഷണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വിധേയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാന പരിധിയിലുള്ള കേസുകളിൽ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇത്തരത്തിൽ കേസന്വേഷിക്കാമെന്ന് സർക്കാർ നൽകിയ മുൻകൂർ അനുമതിയുടെ പിൻബലത്തിലാണ് സി.ബി.ഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധിപോലും പറഞ്ഞ പശ്‌ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ നേരത്തേ ഇതേ നിലപാട് തന്നെയാണ് അറിയിച്ചത്. എൽഡിഎഫ് യോഗത്തിൽ എല്ലാ ഘടക കക്ഷികളും ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നേരത്തേ നൽകിയ അനുമതി പുനഃപരിശോധിക്കണം. രാഷ്‌ട്രീയപരമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബിജെപി. ഇതര സർക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ആന്ധ്രാപ്രദേശ്, രാജസ്‌ഥാൻ, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഢ് , പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങളൊക്കെ സിബിഐക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളവും ആലോചിക്കേണ്ടതാണ് – കോടിയേരി പറഞ്ഞു.
അന്വേഷണ ഏജൻസികൾക്ക് മേൽ രാഷ്‌ട്രീയ സ്വാധീനം ഉണ്ടെന്ന് വ്യക്‌തമാക്കുന്നതാണ് ടൈറ്റാനിയം കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇബ്രാഹീംകുഞ്ഞ് എന്നിവർ പ്രതികളായ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഒരു വർഷം മുമ്പ് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ അത് ഏറ്റെടുക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. നാല് വർഷമായിട്ടും മാറാട് കേസ് എങ്ങുമെത്താതെ നിൽക്കുകയാണ്. ഒരാളിൽ നിന്ന് മാത്രം മൊഴിയെടുത്തതിന് ശേഷം അന്വേഷണം മരവിപ്പിക്കുകയാണ് ഉണ്ടായത്. കോൺഗ്രസ്, ലീഗ് നേതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള രാഷ്‌ട്രീയ നീക്കമാണിതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
സർക്കാർ വിലക്കിയാലും മുമ്പ് വ്യവസ്‌ഥ ചെയ്‌തിട്ടുള്ള കേസുകൾ അന്വേഷിക്കുന്നതിൽ സിബിഐക്ക് തടസമുണ്ടാകില്ല. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ സി.ബി.ഐ.ക്ക് അന്വേഷിക്കാം. സംസ്‌ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ അവഗണിച്ച് മറ്റ് കേസുകൾ അന്വേഷിക്കുന്നതാണ് പ്രശ്‌നം. അതിനാലാണ് മുൻകൂർ അനുമതി പുനഃപരിശോധിക്കണമെന്ന് സിപിഐ നിർദ്ദേശിക്കാൻ കാരണം. കൂടാതെ, കശുവണ്ടി വികസന കോർപറേഷനിലെ അഴിമതി അന്വേഷിക്കാൻ കേരളത്തിൽ തന്നെ ഏജൻസികളുണ്ട്. അതിനാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ അറിയിച്ചത്.
Read Also: 112 പേര്‍ക്ക് കോവിഡ്; പത്തനംതിട്ടയിലെ പുനരധിവാസ കേന്ദ്രത്തില്‍ ആശങ്ക