മലപ്പുറം: ആനക്കയം സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയതായി സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മഞ്ചേരി യൂണിറ്റ് മുൻ ഇൻസ്‌പെക്‌ടർ വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട് ജോയിന്റ് രജിസ്ട്രാർക്ക് കൈമാറി.
ആറര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപകരുടെ പണം സ്വീകരിച്ച് വ്യാജ രേഖകൾ ചമച്ചാണ് ഉദ്യോഗസ്‌ഥർ പണം തട്ടിയെടുത്തത്. 232 നിക്ഷേപകരിൽ നിന്ന് ചെറുതും വലുതുമായ തുക വാങ്ങി അക്കൗണ്ടിൽ നിക്ഷേപിക്കാതെ തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ നിക്ഷേപകർക്ക് പലിശ സഹിതം ഒമ്പത് കോടിയിലധികം രൂപ ബാങ്ക് തിരിച്ചു നൽകേണ്ടിവരും. കുറ്റക്കാരായ മുൻ യുഡി ക്ളർക്കിൽ നിന്നും സഹായികളായ ജീവനക്കാരിൽ നിന്നും തുക തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
2018 മുതലാണ് ബാങ്കിൽ ക്രമക്കേട് നന്നതായി ആരോപണം ഉയർന്നത്. കേസിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ആരോപണ വിധേയനായ ബാങ്കിലെ യുഡി ക്ളർക്ക് കെവി സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇയാളുടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. അതേസമയം, കുറ്റക്കാരിൽ നിന്ന് പണം തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് നൽകുമെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. ഇതിനായി സന്തോഷ്‌കുമാറിന്റെ ഉടമസ്‌ഥതയിലുള്ള ഭൂമി ബാങ്ക് ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു