തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12000ത്തിൽ അധികം വരുന്ന നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ തന്നെ. ആയിരങ്ങൾ മുതൽ കോടികൾ വരെ നിക്ഷേപിച്ചവർ പ്രതിമാസം പരമാവധി കിട്ടുന്ന 5000 രൂപയ്‌ക്കായുള്ള വരിനിൽപ്പ് തുടരുകയാണ്. ചികിൽസ മുടങ്ങിയവരും വിവാഹം മാറ്റിയവരും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് മാർഗമില്ലാത്തവരും വീടുനിർമാണം പാതിവഴിയിൽ മുടങ്ങി പോയവരും ഇക്കൂട്ടത്തിലുണ്ട്.
തട്ടിപ്പ് നടന്നതിന് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത് ജൂലൈ 14നാണ്. ജൂലൈ 20ന് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ജൂലൈ 22ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ചുമതലയേറ്റു. ആദ്യം പ്രതിചേർത്ത ആറുപേരിൽ ഒരാളെ ഓഗസ്‌റ്റ് 9ന് അറസ്‌റ്റ് ചെയ്‌തു. പിന്നീട് എല്ലാ പ്രതികളെയും പിടികൂടി.
കേസുമായി ബന്ധപ്പെട്ട് 16 സഹകരണ വകുപ്പ് ഉദ്യോഗസ്‌ഥരാണ് ഇതുവരെ സസ്‌പെൻഷനിൽ ആയത്. ഭരണസമിതി അംഗങ്ങളിൽ രണ്ടുപേർ ഒഴികെ ബാക്കിയെല്ലാവരും ഇപ്പോൾ അറസ്‌റ്റിലാണ്. എങ്കിലും നിക്ഷേപകരുടെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനായിട്ടില്ല.
പ്രത്യേക ക്രമീകരണമൊരുക്കി കുടിശ്ശിക പിരിവ് ഊർജിതമാക്കി ആവശ്യക്കാർക്ക് കൂടുതൽ തുക നൽകാൻ ബാങ്കിനാകും. സ്വന്തമായുള്ള ആസ്‌തി വിറ്റഴിച്ചും ബാങ്കിന് നിക്ഷേപകരെ സഹായിക്കാം. മറ്റ് ബാങ്കുകളിലുള്ള നിക്ഷേപം പിൻവലിച്ച് ആവശ്യക്കാർക്ക് കൂടുതൽ തുക നൽകിയും സഹായിക്കാനാകും. ഇത്തരത്തിൽ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് ആവശ്യം. സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Also Read: സഞ്‌ജിത്തിന്റെ കൊലപാതകം; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു