ന്യൂഡെൽഹി: ഇസ്രയേൽ-പലസ്‌തീൻ സംഘർഷം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ചർച്ചകൾ സജീവമാക്കി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ടു കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകൾ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. പ്രധാനമന്ത്രി നേരിട്ട് സ്‌ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം, ഇന്ത്യയിലുള്ള ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമാണെങ്കിലും ഒഴിപ്പിക്കൽ തൽക്കാലം വേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ, സ്‌ഥിതിഗതികൾ ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയ്യാറെടുക്കാനുള്ള നിർദ്ദേശം വ്യോമ-നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്. 18,000ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്.
അതിനിടെ, യുദ്ധ പശ്‌ചാത്തലത്തിൽ ഇന്ത്യൻ തീർഥാടക സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരെ കെയ്‌റോയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈജിപ്‌ത് അതിർത്തിയായ താബയിലൂടെ ഇവരെ റോഡ് മാർഗമായിരിക്കും കെയ്‌റോയിൽ എത്തിക്കുക.
ഏതാനും ഇന്ത്യൻ തീർഥാടക സംഘങ്ങൾ ഇസ്രയേൽ സേനയുടെ അകമ്പടിയിൽ താബ അതിർത്തി കടന്നിരുന്നു. പെരുമ്പാവൂർ സ്വദേശി സിഎം മൗലവിയുടെ നേതൃത്വത്തിൽ പുറപ്പെട്ട 45 അംഗ സംഘമാണ് ആദ്യമായി താബ അതിർത്തി കടന്നത്. മുംബൈയിൽ നിന്നുള്ള 38 അംഗ സംഘവും താബ അതിർത്തിയിൽ നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, യുദ്ധത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്നു ഹമാസ് നടത്തിയ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450ഓളം പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ ശനിയാഴ്‌ചത്തെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിലുള്ള മലയാളി നഴ്‌സിനും പരിക്കേറ്റിരുന്നു. കണ്ണൂർ പയ്യാവൂർ സ്വദേശിനി ഷീജ ആനന്ദിനാണ് പരിക്കേറ്റത്.
യുവതി നിലവിൽ അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്. ഇസ്രയേലിൽ കെയർഗിവർ ജോലി ചെയ്യുകയായിരുന്നു ഷീജ. ഇടതു നെഞ്ചിന് മുകളിലും വലതു തോളിലും വലത് കാലിലും വയറിലുമാണ് ഷീജക്ക് പരിക്കേറ്റത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജക്ക് പരിക്കേറ്റതെന്നും ശസ്‌ത്രക്രിയ പൂർത്തിയായെന്നും വിവരങ്ങളുണ്ട്.
Most Read| ബെംഗളൂരുവിൽ 10 ലക്ഷത്തിന്റെ ബസ് സ്‌റ്റോപ്പ് മോഷണം പോയി!