കൊൽക്കത്ത: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി വിജയിച്ച പശ്‌ചാത്തലത്തില്‍ പ്രതികരണവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒപ്പമുള്ളതുകൊണ്ടും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടും ആണ് ബിജെപിക്ക് വിജയം നേടാനായതെന്ന് മമത ആരോപിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.
ബിജെപിയുടെ വിജയം അവരുടെ ജനപ്രീതിയിലേക്കല്ല പകരം വോട്ടെണ്ണലിലെ ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മമത വിമർശിക്കുന്നു. 2024ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടാന്‍ കരുത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടെ കോണ്‍ഗ്രസിനേയും ചേര്‍ക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും മമത പറയുന്നു.
“ബിജെപിയെ രാഷ്‌ട്രീയമായി എതിരിടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിനെ ഇനിയും ആശ്രയിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. കോണ്‍ഗ്രസ് ഒരു കാലത്ത് സംഘടനാ പ്രവര്‍ത്തനം കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് അതിനൊന്നും യാതൊരു താല്‍പ്പര്യവുമില്ല. അവരുടെ വിശ്വാസ്യത തന്നെ ജനങ്ങള്‍ക്കുമുന്നില്‍ നഷ്‌ടമായിരിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഈ വിശാല ലക്ഷ്യത്തിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്,”- മമത പറഞ്ഞു.
യുപിയിലെ സമാജ്‌വാദി പാര്‍ട്ടിയുടെ പരാജയത്തില്‍ അഖിലേഷ് യാദവ് നിരാശനാകരുതെന്നും മമത പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് വാരണാസിയിലെ അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. അഖിലേഷ് മനസ് തളരാതെ ഇതെല്ലാം ജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്തണം. വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും അഖിലേഷ് ഇതിനെതിരെ പോരാടണമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം