തിരുവനന്തപുരം: വിജിലൻസിലും ബിജെപിക്കാരാണെന്ന് പറയുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെച്ച് മുഖ്യമന്ത്രി കസേര മൂന്ന് മാസത്തേക്ക് തന്നെ ഏൽപിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ റെയ്‌ഡ് ബിജെപിയെ സഹായിക്കാനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ പരിഹസിച്ച് കൊണ്ടാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.
കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി വെപ്രാളം കാണിക്കുന്നത് സർക്കാരിന്റെ അറിവോട് കൂടിയ അഴിമതിക്ക് തെളിവാണെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ പരസ്യ വിമർശനവും കെഎസ്എഫ്ഇക്ക് എതിരായ അന്വേഷണം എന്ത് വട്ടാണെന്ന ചോദ്യവും മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് സുരേന്ദ്രൻ പറയുന്നു. പ്രവാസി ചിട്ടി ഉൾപ്പടെയുള്ള ഇടപാടുകളിൽ ധനമന്ത്രി അഴിമതി നടത്തിയിട്ടുണ്ട്. തോമസ് ഐസക്കും മുഖ്യമന്ത്രിയും അഴിമതിയുടെ കാര്യത്തിൽ മൽസരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം, കെഎസ്എഫ്ഇ റെയ്‌ഡുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉടൻ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാരിന്റെ ഉന്നതതല നിർദ്ദേശം വിജിലൻസിന് ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: കര്‍ഷക സമരം: മോദി സര്‍ക്കാര്‍ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു; ഉമ്മന്‍ ചാണ്ടി