തിരുവനന്തപുരം : രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ, രാജ്യതലസ്‌ഥാനത്ത് ദിവസങ്ങളായി അവര്‍ നടത്തി വരുന്ന സമരങ്ങള്‍ക്ക് പരിഹാരം കാണാനോ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരോട് കാണിക്കുന്ന അവഗണന തീക്കളിയാണെന്നും, കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി.
കര്‍ഷകരുടെ രക്ഷക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. മന്‍ കീ ബാത്തിലും പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ നിയമങ്ങള്‍ കര്‍ഷകരുടെ നൻമക്ക് വേണ്ടിയാണെന്ന് അവർക്ക് മനസിലാക്കി നൽകാൻ സർക്കാരിന് കഴിയണ്ടേ എന്നും, ഇക്കാര്യം ചര്‍ച്ചയിലൂടെ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മുന്നോട്ട് പോകുന്തോറും ഡെല്‍ഹിയില്‍ കര്‍ഷകരുടെ സമരം വലിയ സാഗരമായി മാറും. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഉള്ള കർഷകർക്കൊപ്പം മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും എത്തി തുടങ്ങുന്നതോടെ കാര്യങ്ങള്‍ വളരെയധികം ഗുരുതരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരെ പ്രതിരോധിക്കുന്നതിനായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ യുദ്ധസമാനമായ അന്തരീക്ഷം ഒരുക്കി. അവര്‍ക്കു നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കി അവരെ തടവിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും തന്നെ അവര്‍ പിന്നോട്ട് മാറിയിട്ടില്ല. അനിശ്‌ചിത കാലത്തേക്ക് പ്രക്ഷോഭം തുടരാനുള്ള കരുത്തുമായാണ് അവര്‍ അവിടെ എത്തിയിരിക്കുന്നത്. അതിനാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ കേള്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ്