‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്‌തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്’; കെ സുരേന്ദ്രന്‍

By News Desk, Malabar News
k surendran image_malabar news
കെ സുരേന്ദ്രന്‍
Ajwa Travels

തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി പൊതുകടത്തില്‍ നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് തോമസ് ഐസക്കിന്റേതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്‌തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്. ഈ ബജറ്റില്‍ എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ്. കെഎസ്ഇബിയുടെ എല്‍ഇഡി ബള്‍ബും അങ്കണവാടി ടീച്ചേഴ്സിനും അശാവര്‍ക്കര്‍മാര്‍ക്കും ശമ്പളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും കേന്ദ്രസര്‍ക്കാരിന്റേതാണ്’- സുരേന്ദ്രന്‍ ആരോപിച്ചു.

സമ്പദ്ഘടനയെ സുശക്‌തമാക്കി കേരളത്തെ കടത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റില്‍ ഇല്ല. കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവന്നപ്പോള്‍ പരിഹസിച്ചവരാണ് ഇപ്പോള്‍ ലാപ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്.

10 വര്‍ഷത്തെ കേന്ദ്രസഹായം വെച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ, 4 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഓരോ വര്‍ഷവും കേരളത്തിന് അനുവദിച്ച പണവും 6 വര്‍ഷമായി ഭരിക്കുന്ന മോദി സര്‍ക്കാര്‍ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങള്‍ അറിയട്ടെ എന്നും സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

കാര്‍ഷികോൽപന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താന്‍ 15 അഗ്രോപാര്‍ക്കുകള്‍ തുടങ്ങുമെന്നാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്. എന്നാല്‍ 5 വര്‍ഷം കഴിയാനായിട്ടും വെറും ഒരു അഗ്രോപാര്‍ക്കിന്റെ പണി മാത്രമാണ് സര്‍ക്കാരിന് തുടങ്ങാനായത്. കോവിഡാണ് എല്ലാത്തിനും കാരണം എന്ന വാദം വസ്‌തുതാപരമല്ല. കോവിഡിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക രംഗം തകര്‍ന്നിരുന്നുവെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. സംസ്‌ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. ധനമന്ത്രി അടിസ്‌ഥാന സൗകര്യ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു. ഇതുതന്നെയാണ് ബിജെപിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസമാണ്.

ഒന്നുകില്‍ കിഫ്ബിയെ ബജറ്റില്‍ നിന്നും ഒഴിവാക്കണം. അല്ലെങ്കില്‍ കിഫ്ബി ഓഡിറ്റിംഗിന് വിധേയമാക്കണം. ഓഡിറ്റിംഗിനെയും എതിര്‍ക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. ഐസക്കില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നികുതി പിരിക്കുന്നത് കൊണ്ടാണ് സംസ്‌ഥാനങ്ങള്‍ക്ക് ഇത്രയും പണം നല്‍കാനാവുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also: അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE