കാസർഗോഡ്: കാഞ്ഞങ്ങാട് കവർച്ചാ കേസിലെ മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ. മുഖ്യപ്രതി കാഞ്ഞങ്ങാട് സൗത്ത് ചെർക്കള സ്വദേശി കാരാട്ട് നൗഷാദ് (44), ഇയാളുടെ കൂട്ടാളി എറണാകുളം കടവന്ത്ര സ്വദേശി സിജോ ജോർജ് എന്ന ടോണി (31) എന്നിവരാണ് അറസ്‌റ്റിലായത്. കാഞ്ഞങ്ങാട് നയാബസാറിൽ പ്രവർത്തിക്കുന്ന മെജസ്‌റ്റിക് മൊബൈൽ ഷോപ്പിലും, അലാമിപ്പള്ളി ബസ് സ്‌റ്റാൻഡിന് സമീപത്തെ നീതി മെഡിക്കൽ സ്‌റ്റോറിലുമാണ് കവർച്ച നടന്നത്.
നൗഷാദിനെ കർണാടകയിലെ കുന്താപുരത്തു വെച്ചും ടോണിയെ കാർവാറിൽ നിന്നുമാണ് പോലീസ് പിടിച്ചത്. കേസിലെ മറ്റു പ്രതികളായ കാട്ടുകുളങ്ങരയിലെ മനു(35), തൈക്കടപ്പുറത്തെ ഷാനവാസ്(28), നെല്ലിക്കട്ട എതിർത്തോട്ടെ മുഹമ്മദ് ഷെരീഫ്(40) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി.
അറസ്‌റ്റിലായ മുഹമ്മദ് ഷെരീഫിനെ ചോദ്യം ചെയ്‌തപ്പോഴാണ് മുഖ്യ പ്രതിയായ നൗഷാദിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തൊണ്ടി മുതൽ വിൽക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഡോ.വി ബാലകൃഷ്‌ണന്റെ മേൽനോട്ടത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സംഘം രണ്ട് ദിവസമായി കർണാടകയിലെ വിവിധ സ്‌ഥലങ്ങളിൽ പ്രതികൾക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. പ്രതികളിൽ നിന്ന് 75 ശതമാനം തൊണ്ടിമുതലുകളും പിടിച്ചെടുത്തതായി ഡിവൈഎസ്‌പി പറഞ്ഞു.
കാഞ്ഞങ്ങാട്ടെ രണ്ടു വസ്‌ത്രശാലകൾ, നീതി ഉൾപ്പടെ മൂന്നു മെഡിക്കൽ ഷോപ്പുകൾ, മെജസ്‌റ്റിക് കമ്മ്യൂണിക്കേഷന് പുറമെ മറ്റൊരു മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. മൊബൈൽ ഷോപ്പിൽ നിന്ന് ഏതാണ് 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയിട്ടുണ്ട്. നീതി മെഡിക്കൽ സ്‌റ്റോറിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന 70,000 രൂപയാണ് നഷ്‌ടപെട്ടത്. മറ്റു സ്‌ഥാപനങ്ങളിൽ നിന്ന് വലിയ തോതിൽ കവർച്ച നടത്തിയിട്ടില്ല.
Read Also: പെഗാസസ് ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്ത് വിട്ടേക്കും