ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്‌മിയുടെ (40) മൃതദേഹം കണ്ടെത്തി. വിജയലക്ഷ്‌മി തിരോധനക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്‌മിയെ കൊന്ന് വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതായി ഇയാൾ പോലീസിന് മൊഴി നൽകിയത്. പിന്നാലെ ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴയിലെ വീടിന് സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. വിജയലക്ഷ്‌മിയുടെ ഫോൺ എറണാകുളം കെഎസ്ആർടിസി ബസിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഫോൺ പരിശോധിച്ചതിൽ നിന്ന് ജയചന്ദ്രനും വിജയലക്ഷ്‌മിയും തമ്മിൽ സംസാരിച്ചിട്ടുണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. കരുനാഗപ്പള്ളിയിൽ മീൻപിടിത്തമായിരുന്നു ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്‌മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയിൽ മൽസ്യ വിൽപ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്‌മിക്ക്. ഓച്ചിറ ക്ഷേത്രത്തിൽ വെച്ച് ഇരുവരും സ്‌ഥിരമായി കണ്ടിരുന്നതായും പറയുന്നു.
ഈ മാസം ആറിനാണ് വിജയലക്ഷ്‌മിയെ കാണാതായത്. വിജയലക്ഷ്‌മിയോട് അമ്പലപ്പുഴയിൽ എത്താൻ ജയചന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നാലെ ജയചന്ദ്രന്റെ വീട്ടിലെത്തിയ ഇരുവരും തമ്മിൽ വഴക്കിട്ടുവെന്നാണ് നിഗമനം. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് തലയ്‌ക്കടിച്ചു വിജയലക്ഷ്‌മിയെ കൊലപ്പെടുത്തുകയും വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടെന്നുമാണ് സൂചന.
ഇരുവരും തമ്മിലുള്ള ബന്ധം ജയചന്ദ്രന്റെ ഭാര്യ സുനിമോൾക്ക് അറിയാമായിരുന്നു. നിർണായകമായ വിവരങ്ങൾ സുനിമോളിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മനസിലാക്കിയ സുനിമോൾ വിജയലക്ഷ്‌മിയെ കാണാൻ കരുനാഗപ്പള്ളിയിൽ എത്തിയിരുന്നു. തന്നെ ജയചന്ദ്രൻ സ്‌നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തിൽ വെച്ച് സ്‌ഥിരമായി കണ്ടിരുന്നുവെന്നും പണം നൽകിയിരുന്നുവെന്നും വിജയലക്ഷ്‌മി സുനിമോളോട് പറഞ്ഞിരുന്നു.
അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്‌മിയുടെ സ്വർണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം വീടിന് പിന്നിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. വീട്ടിൽ നിന്ന് അഞ്ചുമീറ്റർ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. അതേസമയം, ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരും കാണാതെ ജയചന്ദ്രൻ മൃതദേഹം എങ്ങനെ കുഴിച്ചിട്ടു എന്നതും പോലീസ് പരിശോധിക്കുകയാണ്.
മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്ന് തെങ്ങിൻ തൈകൾ വെച്ച ശേഷമാണ് ജയചന്ദ്രൻ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്. ഇതിനിടെ, വിജയലക്ഷ്‌മിയുടെ ഫോൺ എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. തുടർന്ന് പതിവുപോലെ മീൻ പിടിക്കാനായി ബോട്ടിൽ കടലിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ കരുനാഗപ്പള്ളിയിൽ വെച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
ചോദ്യം ചെയ്യലിൽ താൻ ദൃശ്യം സിനിമ കണ്ടിരുന്നുവെന്ന് ജയചന്ദ്രൻ പോലീസിനോട് പറഞ്ഞിരുന്നു. ഒന്നരവർഷം മുമ്പാണ് ജയചന്ദ്രൻ കലൂരിലെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ജയചന്ദ്രൻ നാട്ടുകാരുമായി അധികം സംസാരിച്ചിരുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ