കസ്‌തൂരിരംഗൻ അന്തിമ വിജ്‌ഞാപനം; ഡിസംബർ 3ന് കേരളവുമായി കേന്ദ്ര ചർച്ച

By Desk Reporter, Malabar News
Kasturirangan Final Notification; Central talks with Kerala on December 3

ന്യൂഡെൽഹി: കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പശ്‌ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്‌ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3ന് കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും.

ചീഫ് സെക്രട്ടറിയും വനംവകുപ്പ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുക്കും. കേരളത്തിലെ എംപിമാർ കൂടി ചർച്ചയിൽ പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്‌തൂരിരംഗൻ സമിതി പരിസ്‌ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്‌ഞാപനം പുറത്തിറക്കിയിരുന്നു.

ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോൾ കേരളം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നാണ് വനംപരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഉമ്മൻ വി ഉമ്മൻ സമിതി ശുപാര്‍ശയുടെ അടിസ്‌ഥാനത്തിൽ വരുത്തിയ മാറ്റങ്ങളിൽ ചിലത് പുനഃപരിശോധിക്കേണ്ടി വരുമെന്നും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി എന്നിവരെ വനംപരിസ്‌ഥിതി മന്ത്രാലയം ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

2018 ഒക്‌ടോബർ 3ന് പുനഃപ്രസിദ്ധീകരിച്ച കസ്‌തൂരിരംഗൻ കരട് വിജ്‌ഞാപനത്തിന്റെ കാലാവധി 2021 ഡിസംബർ 31ന് അവസാനിക്കും. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളുമായി 2019 ഫെബ്രുവരി 15, 2020 മെയ് 21, 2020 ജൂലൈ 9, 10, 2021 ഒക്‌ടോബർ 5 എന്നിങ്ങനെ നാല് തവണകളായി അന്തിമ വിജ്‌ഞാപത്തിനായുളള ചർച്ചകൾ നടന്നിട്ടുണ്ട്.

എല്ലാ സംസ്‌ഥാനങ്ങളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ അന്തിമ വിജ്‌ഞാപനത്തിന് ശ്രമിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ഒപ്പം കരടു വിജ്‌ഞാപത്തിൽ പറയുന്ന പരിസ്‌ഥിതിലോല പ്രദേശങ്ങളിലെ നിബന്ധനകൾ നിലനിൽക്കുമെന്നും കേന്ദ്രം വ്യക്‌തമാക്കുന്നു.

Most Read:  കാനഡയിൽ രണ്ട് പേർക്ക് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE