പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. കേരളത്തിൽ ഗ്രാമിന് 40 രൂപ വർധിച്ച് 7150 രൂപയായി. 320 രൂപ ഉയർന്ന് പവന് 57,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. ആ നഷ്‌ടം ഇന്ന് നികത്തിയെന്ന് പറയാം.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് 5905 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 93 രൂപയാണ് വെള്ളിയുടെ വില. രാജ്യാന്തര സ്വർണവില ഔൺസിന് 2624 ഡോളർ നിലവാരത്തിൽ തുടരുകയാണ്. സ്വർണവിലയുടെ മുന്നേറ്റ ആവേശം അടങ്ങിയിട്ടില്ലെന്നും 2025 സ്വർണ വർഷമായി മാറുമെന്നുമാണ് നിരീക്ഷക പ്രവചനങ്ങൾ.
ഫിച്, ജെ എം ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയവ ഉൾപ്പടെയുള്ള രാജ്യാന്തര ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം 2025 അവസാനത്തോടെ സ്വർണവില ഔൺസിന് 2900- 3000 ഡോളറിൽ എത്തിയേക്കും. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില 65,000-70,000 രൂപയാകും. രൂപയുടെ മൂല്യം ദുർബലമാകുന്നതും സ്വർണവിലയുടെ കുതിപ്പിന്റെ വേഗം കൂട്ടും.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം