തിരുവനന്തപുരം: സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്ത മുഖ്യമന്ത്രി വിഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. രാവിലെ പത്തുമണിക്കാണ് ചർച്ച.
തിങ്കളാഴ്ച 21 അംഗ പൂർണ മന്ത്രിസഭ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനമായിരുന്നു. നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറാനും ധാരണയായി. ഇന്നലെ രാത്രി കൊച്ചിയിലേക്ക് പോയ വിഡി. സതീശൻ ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും.
മുഖ്യമന്ത്രിയടക്കം 11 മന്ത്രി സ്ഥാനങ്ങൾ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവ കോൺഗ്രസിനാണെന്നാണ് നിലവിലെ ധാരണ. അഞ്ച് മന്ത്രിമാർ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് രണ്ട് മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കർ എന്നിവയിൽ ഏതെങ്കിലും നൽകാമെന്നാണ് ധാരണ.
ഒരു സീറ്റ് മാത്രമുള്ള കക്ഷികൾക്ക് ഒരു മന്ത്രി സ്ഥാനം നൽകുമ്പോൾ ഏഴ് സീറ്റുള്ള തങ്ങൾക്ക് രണ്ട് മന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്ന് പിജെ ജോസഫ് പറയുന്നു. ആദ്യ മന്ത്രിയായി മോൻസ് ജോസഫ് വരുമ്പോൾ രണ്ടാമത് മന്ത്രിസ്ഥാനം ഉണ്ടെങ്കിൽ തോമസ് ഉണ്ണിയാടനെയോ അപു ജോൺ ജോസഫിനെയോ പരിഗണിക്കും.
ഉമ്മൻ ചാണ്ടി കൈകാര്യം ചെയ്ത വിദ്യാഭ്യാസം, വ്യവസായം, ഐടി, നഗരവികസനം, പൊതുമരാമത്ത്, ന്യൂനപക്ഷ ക്ഷേമം, സാമൂഹിക ക്ഷേമം തുടങ്ങിയവ തന്നെ മതിയെന്നാണ് ലീഗിന്റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമം ഫലപ്രാപ്തിയിൽ എത്തിയെന്നാണ് വിവരം.
മന്ത്രിസഭയിൽ ചേരണമെന്ന നിയുക്ത മുഖ്യമന്ത്രിയുടെയും കോൺഗ്രസ് ഹൈക്കമാൻഡിന്റെയും അഭ്യർഥന രമേശ് ചെന്നിത്തല നിരസിച്ചിട്ടില്ല. ആഭ്യന്തര വകുപ്പ് നൽകിയുള്ള മന്ത്രിസഭാ പ്രവേശമാണ് ചർച്ചകളിൽ. മന്ത്രിമാരെ കുറിച്ചുള്ള ആദ്യഘട്ട ചർച്ചകൾ കോൺഗ്രസ് നടത്തിയതായാണ് വിവരം. വിഡി. സതീശൻ, സണ്ണി ജോസഫ്, കെസി. വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരാണ് ഇതിൽ പങ്കെടുത്തത്.
Most Read| നീറ്റ് ചോദ്യപേപ്പർ ചോർച്ച; കെമിസ്ട്രി അധ്യാപകൻ അറസ്റ്റിൽ





































