തിരുവനന്തപുരം : സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും, വിരമിച്ച ജീവനക്കാർക്ക് പെൻഷനും നൽകുന്നതിനായി 3000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ച് സർക്കാർ. റിസർവ് ബാങ്കിൽ ഇന്ന് നടക്കുന്ന ലേലത്തിലൂടെയാണ് 3000 കോടി കടമെടുക്കുന്നത്. ഇതിൽ 2000 കോടി 25 വർഷത്തെ തിരിച്ചടവ് കാലാവധിയിലും, 1000 കോടി 35 വർഷത്തെ തിരിച്ചടവ് കാലാവധിയിലുമാണ് എടുക്കുന്നത്.
ഇന്ന് നടക്കുന്ന കടമെടുപ്പിൽ രാജ്യത്തെ 14 സംസ്‌ഥാനങ്ങളാണ് പങ്കെടുക്കുന്നത്. അതിൽ തന്നെ കേരളമാണ് ഏറ്റവും കൂടുതൽ തുക വായ്‌പ ഇനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 36,800 കോടി രൂപയാണ് സംസ്‌ഥാന സർക്കാരിന് ഇത്തവണ വായ്‌പ എടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്. മറ്റന്നാൾ മുതൽ സംസ്‌ഥാനത്ത് ശമ്പള, പെൻഷൻ വിതരണത്തിന് പുതിയ സെർവർ ആയിരിക്കും. അതിനാൽ തന്നെ വിതരണത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കൂടാതെ സംസ്‌ഥാനത്ത് 80 വയസ് കഴിഞ്ഞവർക്ക് പെൻഷനൊപ്പം അനുവദിച്ച സ്‌പെഷ്യൽ കെയർ അലവൻസ് കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇത് നൽകി തുടങ്ങിയത്. പ്രായം തെളിയിക്കുന്ന രേഖ ട്രഷറിയിൽ ഹാജരാക്കാത്തത് മൂലമാണ് പലർക്കും ഈ ആനുകൂല്യം ലഭ്യമാകാത്തത്. അതിനാൽ അർഹത ഉള്ള ആളുകൾ ആവശ്യമായ രേഖകൾ ഉടൻ തന്നെ ട്രഷറിയിൽ ഹാജരാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; ഭൂപടം പിൻവലിച്ച് ട്വിറ്റർ