ഐക്യകേരളം 65ന്റെ നിറവിൽ; ചരിത്രത്തെ അഭിമാനത്തോടെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യകേരളത്തിന് അറുപത്തഞ്ചാണ്ട് തികയുന്ന ഈ സുദിനം ഓരോ മലയാളിക്കും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടെയും അതേസമയം, വിമർശനബുദ്ധിയോടെയും വിലയിരുത്തുമെന്നും നാടിന്റെ നൻമക്കും പുരോഗതിക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1956 നവംബർ ഒന്നിന് രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കൽപത്തെ അർഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പടെയുള്ള അടിസ്‌ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞു.

നവോഥാന മുന്നേറ്റങ്ങളും കർഷക-തൊഴിലാളി വർഗ പോരാട്ടങ്ങളും തീർത്ത അടിത്തറയിൽ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങൾ കേരളം കൊയ്‌തത്. ഐക്യകേരളത്തിനായി പൊരുതിയ ജനലക്ഷങ്ങൾ ഭാവികേരളത്തെ കുറിച്ചു കണ്ട സ്വപ്‌നങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ നാട് ഇനിയുമേറെ മുന്നേറാനുണ്ട്. കേരളത്തിന്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്‌ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ കേരളപ്പിറവി ദിനത്തിൽ നമ്മൾ ഏറ്റെടുക്കേണ്ടത്. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ശക്‌തികൾക്കെതിരെ പോരാടി നാം പടുത്തുയർത്തിയ നാടാണിത്. ആ പോരാട്ടം കൂടുതൽ ഊർജ്‌ജസ്വലമാക്കേണ്ടതുണ്ട്. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും നാളെകൾക്കായി നമുക്ക് ഒന്നിച്ച് നിൽക്കാം. ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസകൾ നേർന്നു. പ്രിയ സംസ്‌ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും ഒരുമയോടെ, സഹോദര്യത്തോടെ പ്രവർത്തിക്കാമെന്ന് ഗവർണർ പറഞ്ഞു. ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നൽകാമെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Also Read: സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE