അത്യാഹിത ചികിൽസയില്‍ സ്‌പെഷ്യാലിറ്റിയുമായി കേരളം; പിജി കോഴ്‌സിന് അനുമതി

By News Bureau, Malabar News
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തിര വിദഗ്‌ധ ചികിൽസ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് കരുത്തേകി എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്ന് എമര്‍ജന്‍സി മെഡിസിന്‍ പിജി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്.

സംസ്‌ഥാനത്തെ ആശുപത്രികളില്‍ അത്യാഹിത വിഭാഗ ചികിൽസക്കായി വലിയ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കി വരുന്നത്. സൗകര്യങ്ങള്‍ കൂടുന്നതോടൊപ്പം ഈ വിഷയത്തില്‍ വിദഗ്‌ധ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരെയും സൃഷ്‌ടിച്ചെടുക്കേണ്ടതുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും; മന്ത്രി വ്യക്‌തമാക്കി.

മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സിനുള്ള അനുമതി ലഭിക്കാന്‍ ശ്രമിക്കുന്നതാണെന്നും ഇതിലൂടെ കൂടുതല്‍ എമര്‍ജന്‍സി ഡോക്‌ടര്‍മാരെ സൃഷ്‌ടിക്കാനും ഭാവിയില്‍ കേരളത്തിലാകെ അത്യാഹിത വിഭാഗ ചികിൽസയില്‍ പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 18 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സമഗ്ര ട്രോമ കെയറിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്‌തികകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.

ഒരാള്‍ അപകടത്തില്‍പ്പെട്ടാല്‍ ഗോള്‍ഡന്‍ അവറിനുള്ളില്‍ അദ്ദേഹത്തെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്‌ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില്‍ കണ്ട് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു അപെക്‌സ് ട്രോമ & എമര്‍ജന്‍സി ലേണിംഗ് സെന്റര്‍ (എടിഇഎല്‍സി) ആരംഭിച്ചിട്ടുണ്ട്’, മന്ത്രി വ്യക്‌തമാക്കി.

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഈ സെന്റര്‍ വഴി ഇതിനോടകം വിദഗ്‌ധ പരിശീലനം നേടിയത്. ഇവര്‍ വിവിധ ആശുപത്രികളില്‍ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി വിവിധതരം എമര്‍ജന്‍സി & ട്രോമ അനുബന്ധ കോഴ്‌സുകൾ സെന്ററില്‍ നടത്തി വരുന്നുണ്ട്.

Most Read: വനം മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ കേസെടുക്കില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE