ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചു; കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെകെ രമ

By Desk Reporter, Malabar News
KK Rama-
Ajwa Travels

തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആഭ്യന്തര നയം പരാജയമായിരുന്നു എന്ന് ആർഎംപി എംഎൽഎ കെകെ രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയതിൽ ഏറെ അഭിമാനമുണ്ട്. എന്നാൽ നമ്മുടെ സംസ്‌ഥാനത്തും നിർഭയവും സ്വതന്ത്രവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് സാഹചര്യം ഉറപ്പുവരുത്തണം. അതിനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട്. അപ്പോൾ മാത്രമേ ഇത്തരം ഇടപെടലുകൾ ആത്‌മാർഥവും അർഥപൂർണവുമാകൂവെന്നും കെകെ രമ പറഞ്ഞു.

കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പൊതുസമൂഹവും പ്രതിപക്ഷവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്‌തമാക്കിയിട്ടില്ല. ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്‌റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവയിലെ അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സർക്കാരും അതേ പോലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്‌തമാക്കിയിട്ടില്ലെന്നും രമ പറയുന്നു.

ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്‌ടിക്കുകയും ചെയ്യുന്നതാണ് ഈ സർക്കാരിന്റെ വികസന നയം. കെ റെയിൽ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20,000ത്തിലധികം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണ്? കിഫ്ബി കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്‌പാ കെണിയാണെന്ന് തുറന്ന് പറയാൻ സർക്കാർ തയ്യാറാകണം. ഈ നയപ്രഖ്യാപനം വഞ്ചനാപരമാണെന്നും അവർ പറഞ്ഞു.

സംസ്‌ഥാനത്തെ കോവിഡ് മരണസംഖ്യയിലെ അവ്യക്‌തത പരിശോധിക്കപ്പെടണം. കണക്കുകൾ കുറച്ച് കാണിച്ച് സാധാരണക്കാരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ അപ്രാപ്യമാക്കുന്നു. പഞ്ചായത്തുകളിൽ ഫണ്ടിന്റെ അഭാവമുണ്ട്. ലോക്ക്ഡൗൺ കിറ്റ് വിതരണവും വളണ്ടിയർ സേവനവും രാഷ്‌ട്രീയ വൽക്കരിക്കുകയാണ്; അവർ ആരോപിച്ചു. സർക്കാരിന്റെ മദ്യവർജ്‌ജന നയം പരിഹാസ്യമാണെന്ന് കുറ്റപ്പെടുത്തിയ രമ, സാധാരണ ജനത്തിന്റെ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത സർക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ലെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

Most Read:  പൗരത്വ അപേക്ഷ വിജ്‌ഞാപനം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE